കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പ്രതികളായ വിക്രമന്‍, സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന ടി. മധുസൂദനന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യുഎപിഎ ചുമത്തിയതെന്നായിരുന്നു പ്രതികളുടെ വാദം. സിബിഐ അന്വേഷിക്കുന്ന കേസില്‍ കേന്ദ്ര നിയമ പ്രകാരം യുഎപിഎ ചുമത്താമെന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
Also Read: ആലപ്പുഴയില്‍ പോലീസുകാര്‍ക്ക് നേരേ ആക്രമണം; പോലീസുകാരന് വെട്ടേറ്റു, മറ്റൊരാള്‍ക്ക് കുത്തേറ്റു
കേസില്‍ ഇരുപത്തഞ്ചാം പ്രതിയാണ് ജയരാജന്‍. ജയരാജന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ അനുബന്ധ കുറ്റപത്രം 2017 സെപ്തംബര്‍ 19നാണ് വിചാരണക്കോടതി അംഗീകരിച്ചത്.
ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 സെപ്തംബര്‍ ഒന്നിനായിരുന്നു കൊലപാതകം.