കൊച്ചി: ആർഎസ്എസ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസില്‍​ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. യുഎപിഎ ചുമത്തിയതിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ ജയരാജന്‍ അടക്കമുളളവര്‍ക്കെതിരെ യുഎപിഎ തുടരുമെന്നും ഹര്‍ജി തളളിക്കൊണ്ട് കോടതി വ്യക്തമാക്കി.

ബോംബെറിഞ്ഞ് ആളെ കൊല്ലാന്‍ ​നോക്കുന്നവര്‍ സ്വതന്ത്രരായി നടക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. വനത്തിലുള്ള ആദിവാസികളെ പിടിച്ചു കൊണ്ടുവന്ന് യുഎപിഎ ചുമത്താൻ സർക്കാരിന് വലിയ ഉത്സാഹമാണെന്നും കോടതി വിമര്‍ശിച്ചു. ജയരാജന്റെ ഹര്‍ജിയെ അനുകൂലിച്ച് കൊണ്ടാണ് കോടതിയില്‍ സര്‍ക്കാര്‍ നിലപാടെടുത്തത്.

യുഎപിഎ ചുമത്തിയതിനെതിരായ സർക്കാരിന്‍റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുണ്ട്. പ്രതികളെ സഹായിക്കുന്ന പ്രവണതയാണ് സർക്കാരിന്‍റേതെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.