കൊച്ചി: കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ ഒന്നാം പ്രതി വിക്രമൻ അടക്കം 15 പ്രതികൾക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികൾ കണ്ണൂർ ജില്ലയിൽ കടക്കുന്നത് കോടതി വിലക്കി. യുഎപിഎ കേസിൽ സുപ്രീം കോടതിയുടെ പുതിയ മാർഗനിർദ്ദേശപ്രകാരമാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ ദീർഘനാളായി ജയിലിലാണെന്നും വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

പ്രതികൾ ആറ് വർഷമായി വിചാരണത്തടവുകാരാണെന്നും വിചാരണ നീളുന്ന സാഹചര്യത്തിൽ പ്രതികളെ അനന്തമായി കസ്റ്റഡിയിൽ വയ്ക്കുന്നതിൽ നീതികരണമില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസ് അശോക് മേനോൻ ആണ് ജാമ്യാപേക്ഷകൾ പരിഗണിച്ചത്. വിചാരണ തീരും വരെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, വിചാരണ സമയത്ത് എല്ലാ ദിവസവും കോടതിയിൽ ഹാജരാവണം, സാക്ഷികളെ
സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, പാസ്പോർട്ട് വിചാരണ കോടതിയിൽ കെട്ടിവയ്ക്കണം തുടങ്ങിയവയാണ് വ്യവസ്ഥകൾ. അമ്പതിനായിരം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവുമാണ് മറ്റ് വ്യവസ്ഥ.

2014 സെപ്റ്റംബർ ഒന്നിനാണ് ആർഎസ്എസ് നേതാവ് കെ.മനോജിനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. മനോജിന്റെ വാഹനത്തിനുനേരെ ബോംബെറിഞ്ഞ ശേഷം വാഹനത്തിൽനിന്നും വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനൻ എന്നിവരടക്കം 25 സിപിഎം പ്രവർത്തകരാണു കേസിലെ പ്രതികൾ.

കേസിൽ ഇരുപത്തഞ്ചാം പ്രതിയായ പി.ജയരാജൻ അടക്കമുള്ളവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്ന് ഹൈക്കോടതി രണ്ട് മാസം മുൻപ് ഉത്തരവിട്ടിരുന്നു.

Read More: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വർധിച്ചു

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെന്നാണ് കുറ്റപത്രത്തിലുളളത്. ജയരാജനെ ആക്രമിച്ചതിലുളള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിലൂടെ കണ്ണൂരിൽ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.

ഒന്നാം പ്രതി വിക്രമനുമായി ചേർന്ന് ജയരാജൻ ഗൂഢാലോചന നടത്തി. വിക്രമനാണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതും കൊല നടത്താനായി സംഘത്തെ സ്ഥലത്തെത്തിച്ചതും. കൊലപാതകത്തിനുശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത് ജയരാജനാണ്. അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ജയരാജൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.