കാസര്‍കോട്: മെയ് 5മുതല്‍ 7 വരെ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയില്‍ ടൈഗർ പട്ടവും ആനപട്ടവും കഥകളിയും വന്പൻ സർക്കിൾ കൈറ്റുമെല്ലാം ആകാശം മുട്ടെ ആവേശം വിതറി ഉയർന്നുപൊങ്ങും. കൊച്ചിയിലെ കൈറ്റ് ലൈഫ് ഫൗണ്ടേഷന്റെ മഹാബലി പട്ടവും വൈബ്രന്‍റ് കൈറ്റ് ക്ലബ്ബ് ഗുജറാത്തിന്റെ ഗജവീരനും വണ്‍ ഇന്ത്യാ കൈറ്റ് ടീമിന്‍റെ കഥകളിയും ടൈഗര്‍ കൈറ്റും ഇന്തോനേഷ്യയില്‍ നിന്നുള്ള ബട്ടര്‍ഫ്ലൈയും ബേക്കലിന്റെ വാനില്‍ മൂന്ന് ദിവസങ്ങളിലായി പാറിപ്പറക്കും.

കഴിഞ്ഞവര്‍ഷത്തെ മേളയിൽ 110 അടി വലുപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ കഥകളി പട്ടവും വമ്പന്‍ സര്‍ക്കിള്‍ കൈറ്റുമാണ് പ്രധാന ഇനമായിരുന്നത്. വണ്‍ ഇന്ത്യാ കൈറ്റിന്റെ ഏറ്റവും പുതിയ പട്ടമായ 35 അടി വലുപ്പമുള്ള ടൈഗര്‍ കൈറ്റും വിദേശ ടീമുകളുടെ നിരവധി സര്‍ക്കിള്‍ കൈറ്റും ഇന്ത്യയില്‍ ആദ്യമായി ബേക്കലില്‍ എത്തും. ചൈനയില്‍ ബീജിങ്ങില്‍ വെച്ച് നടന്ന ലോക പട്ടം പറത്തല്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ടൈഗര്‍ കൈറ്റ് ആദ്യമായാണ്‌ ഇന്ത്യയില്‍ എത്തുന്നത്. അഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി ഒമ്പത് മണിക്ക് സമാപിക്കും.

vibarant gujarat kite, bekal kite fest, kerala tourism, dtpc

പട്ടം പറത്തല്‍ മേള കാണാന്‍ എത്തുന്നവര്‍ക്കായി തനത് കലകളായ ശിങ്കാരി മേളം, കഥകളി, തിരുവാതിര, ഒപ്പന മാര്‍ഗ്ഗം കളി കോല്‍ക്കളി എന്നിവയും അരുണ്‍രാജ്, മൈലാഞ്ചി ഫിയിം ദില്ജിഷ തുടങ്ങിയവര്‍ നയിക്കുന്ന സംഗീത വിരുന്നും നടക്കും. സാഹസികത ഇഷ്ടപ്പെടുന്ന യുവജനങ്ങള്‍ക്കായി കടലോരത്ത് കൂടിയുള്ള ജീപ്പ് ഡ്രൈവിങ്ങും, മോട്ടോര്‍ സൈക്കിള്‍ റൈഡും നടക്കും. രാജ്യത്തിനകത്തും പുറത്തും നിരവധി കാറോട്ട മത്സരങ്ങളില്‍ പങ്കെടുത്ത് ചാമ്പ്യനായ മൂസാ ഷെരീഫിന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് 5 വരെ ബീച്ച് റൈഡ് മത്സരം സംഘടിപ്പിക്കുന്നത്.

rabit kite bekal kite fest

തദ്ദേശീയരും വിദേശികളുമായ വിനോദ സഞ്ചാരികളെയും, സന്ദര്‍ശകരേയും ഒരുപോലെ ആകര്‍ഷിച്ച 2016ലെ പട്ടം പറത്തല്‍ മേളയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ വര്‍ഷവും ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പട്ടം പറത്തല്‍ മേള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയാണ് ബേക്കലില്‍ നടക്കുന്നത്. ബേക്കല്‍ ഫോര്‍ട്ട്‌ ലയണ്‍സ് ക്ലബ്ബിന്റെയും ബേക്കൽ റിസോർട്സ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് പട്ടം പറത്തൽ മേള സംഘടിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ