തിരുവനന്തപുരം: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ നടത്തിപ്പിൽ പുതിയ നിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ രംഗത്ത്. അതീവ പരസ്ഥിതി ലോല പ്രദേശങ്ങളായി ഉൾപ്പെടുത്തിയ ജനവാസ കേന്ദ്രങ്ങളെ സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്നതാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം. ഇതിനായി 856.7ചതുരശ്ര കിലോമീറ്റർ സ്ഥലത്തിന്രെ പൂർണ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തയാറാണെന്നും പിണറായി വിജയൻ പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമവിജ്ഞാപനം പുറത്തിറക്കാന്‍ കേരളത്തിന്റെ റിപ്പോര്‍ട്ട് തടസമാണെന്ന് കഴിഞ്ഞദിവസം കേന്ദ്രം അറിയിച്ചിരുന്നു. പരിസ്ഥിതി ലോല മേഖലയിലെ തോട്ടങ്ങളെയും ജനവാസമേഖലകളെയും ഒഴിവാക്കിയുള്ള കേരളത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രനിലപാട്.

സംസ്ഥാനത്തു വിജിലൻസ് രാജാണോ എന്ന ഹൈക്കോടതി പരാമർശത്തെക്കുറിച്ചു ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാമർശത്തിൽ വ്യക്തത വരുത്താൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണനെ സമീപിക്കും. വിജിലൻസ് പരാതി അന്വേഷിച്ചില്ലെങ്കിൽ പരാതിക്കാരൻ കോടതിയിൽപ്പോയി ഉത്തരവു വാങ്ങുന്ന സ്ഥിതിയുണ്ടാകും.

റേഷൻ മുൻഗണനാ പട്ടിക അന്തിമമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തും. റേഷൻ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സർവകക്ഷി സംഘം കേന്ദ്രത്തെ കാണും. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിനു മുൻപുള്ള അരിവിഹിതം കേന്ദ്രം നൽകണം.

സംസ്ഥാനത്ത് കേരള അഡിമിനിസ്ട്രേറ്റീവ് സർവ്വീസ് നടപ്പിലാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും. സമരം ചെയുന്നവർക്ക് എതിരെ വേണ്ട നടപടി എടുക്കും. സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് പൊതുമാനദണ്ഡം കൊണ്ടുവരുമെന്നും ജീവനക്കാരുടെ സംഘടനകളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തടവുകാരുടെ ശിക്ഷാ ഇളവ് വിഷയവുമായി ബന്ധപ്പെട്ട ഫയൽ തിരിച്ചയച്ച വാർത്ത ഗവർണർ പുറത്തു വിട്ടത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. നിയമപ്രകാരം ഇളവിനുള്ള ശുപാർശ നൽകുകയാണു സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ