തൊടുപുഴ: കഴിഞ്ഞ നാലുവര്‍ഷമായി മലയോര മേഖലകളിൽ നിലനിൽപ്പിന്റെ ഇരുവാദങ്ങളുമായി കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ ഇനിയും നീളുമെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരില്‍ ഏറെ സമര കോലാഹലങ്ങള്‍ക്കു വേദിയായ ഇടുക്കി ജില്ലയില്‍ നിലവിലുള്ള അവസ്ഥ വരുംനാളുകളിലും തുടരാന്‍ തന്നെയാണ് സാധ്യത തെളിയുന്നത്. കസ്തൂരി രംഗന് റിപ്പോര്‍ട്ടിലെ കരടു വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് നാലിനു വീണ്ടും ആറു മാസത്തേയ്ക്കു കൂടി കരട് വിജ്ഞാപനം നീട്ടാൻ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നു.
നാല് വർഷം മുന്‍പ് ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ട ആശങ്കകളെ മുതലെടുത്തത് അന്ന് കേരളത്തിൽ പ്രതിപക്ഷത്തുണ്ടായിരുന്ന സിപി എമ്മായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായുളള ഈ രണ്ട് റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിൽ കർഷകർക്കും ഈ മേഖലകളിൽ താമസിക്കുന്നവർക്കിടിയിലും ഒരുപാട് കഥകളും കെട്ടുകഥകളുംപ്രചരിച്ചു. കേരളത്തിൽ അധികാരത്തിലുളള രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല ഇല്ലാത്തവരും രണ്ട് തട്ടിലായി ഈ വിഷയത്തിൽ നിലപാട് സ്വീകരിച്ചു. ഇതിൽ നഷ്ടമുണ്ടായത് അന്ന് അധികാരത്തിലിരുന്ന കോൺഗ്രസിനും കേരളാ കോൺഗ്രസിനുമായിരുന്നു. കോൺഗ്രസിന് ഒരു ലോകസഭാ സീറ്റ് നഷ്ടമായി.കേരളത്തിലെ ഈമേഖലകളെല്ലാം കേന്ദ്രീകരിച്ച് ജാഥ നടത്തി സി പി എം മലയോര മേഖലയിൽ തങ്ങളുടെ വേരുറപ്പിക്കാൻ നടത്തിയ ശ്രമം ഈ പശ്ചാത്തലത്തിലായിരുന്നു. ഇന്ന് പുതിയ സാഹചര്യത്തിൽകേരളാ കോൺഗ്രസും കോൺഗ്രസും രണ്ടായി പിരിഞ്ഞുകൊണ്ട് തങ്ങളുടെ നഷ്ടപ്പെട്ട വേരുകൾ തിരിച്ചുപിടിക്കാൻ സമരരംഗത്ത് എത്തിയിരിക്കുന്നു. അതിന്റെ ഭാഗമായി പദയാത്രകളും ഡൽഹി മാർച്ചുകളും ഹർത്താലുംവരെ എത്തി നിൽക്കുന്നു കാര്യങ്ങൾ.
കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലകളാക്കി പരിഗണിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്. ഖനനം, ക്വാറി, താപവൈദ്യുതി നിലയം, ചുവപ്പ് പട്ടികയിലുള്ള വ്യവസായങ്ങള്‍, 20000ത്തില്‍ കൂടുതല്‍ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള നിര്‍മാണങ്ങള്‍ എന്നിവയ്ക്കു നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി ലോല മേഖലകളായി കണക്കാക്കിയിട്ടുള്ള കേരളത്തിലെ 123 വില്ലേജുകളില്‍ ആറുമാസം കൂടി ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പുതിയ കരടു വിജ്ഞാപന പ്രകാരം തുടരാനാണ് സാധ്യത.
അതേസമയം കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരിലുള്ള പോര്‍വിളികളും രാഷ്ട്രീയ മുതലെടുപ്പുകളും വരുംനാളുകളിലും ഇടുക്കി ജില്ലയില്‍ തുടരാനുള്ള സാധ്യതകളാണ് കരടുവിജ്ഞാപനത്തിന്റെ കാലാവധി ആറുമാസം കൂടി നീട്ടിയതിലൂടെ തെളിയുന്നത്. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മുതലെടുപ്പു നടത്തിയിരുന്നത് ഇടതുപക്ഷമായിരുന്നുവെങ്കില്‍ ഇപ്പോള്‍ പന്ത് അവരുടെ കൈകളിൽ നിന്നു നഷ്ടപ്പെട്ടിരിക്കുന്നു. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരില്‍ ജില്ലയില്‍ തങ്ങളുടെ നിലനില്‍പ്പു തന്നെ അവതാളത്തിലായ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും കസ്തൂരി രംഗന് തങ്ങള്‍ക്കു മലയോര മേഖലയില്‍ വീണ്ടും തിരിച്ചുവരാനുള്ള പച്ചത്തുരുത്തായാണ് കാണുന്നത്. അതുകൊണ്ടുതന്നെ കസ്തൂരി രംഗനില്‍ പരമാവധി നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടികളാണ് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ആസൂത്രണം ചെയ്യുന്നത്. കസ്തൂരി രംഗന് വിഷയത്തില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും മാര്‍ച്ച് ആറിന് ഇടുക്കിയില്‍ ഹര്‍ത്താലാചരിക്കുകയാണ്. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്ത സാഹചര്യത്തില്‍ ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് എന്തു പ്രയോജനമുണ്ടാകുമെന്നതിനെക്കുറിച്ചു വിശദീകരിക്കാന്‍ മുന്‍നിര നേതാക്കള്‍ക്കു പോലും കഴിയുന്നില്ലായെന്നതാണ് യാഥാര്‍ഥ്യം.
മുന്‍കാലങ്ങളില്‍ കസ്തൂരി രംഗന് വിഷയവുമായി ബന്ധപ്പെട്ട് പത്തിലധികം ഹര്‍ത്താലുകള്‍ക്കാണ് ഇടുക്കി ജില്ല മാത്രം സാക്ഷ്യം വഹിച്ചത്. ഒരു കാലത്ത് കസ്തൂരി രംഗന് ഹര്‍ത്താലുകളുടെ മൊത്തക്കച്ചവടക്കാരായിരുന്ന സിപിഎമ്മും ഹൈറേഞ്ച് സംരക്ഷണ സമിതിയും. എന്നാൽ ഇപ്പോള്‍ ഈ വിഷയത്തില്‍ നിന്നു ഇരുവരും പിന്‍വാങ്ങിയ മട്ടാണ്. കസ്തൂരി രംഗന് വിഷയത്തില്‍ നേട്ടമുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് കര്‍ഷക പാര്‍ട്ടിയെന്ന പേരില്‍ അറിയപ്പെടുന്ന കേരളാ കോണ്‍ഗ്രസ്. കസ്തൂരി രംഗന്, പട്ടയവിഷയത്തില്‍ കഴിഞ്ഞ കുറേക്കാലമായി കത്തോലിക്കാ സഭയുടെയും കര്‍ഷകരുടെയും അപ്രീതിക്കു പാത്രമായ കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജില്ലയില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാന്‍ തുടങ്ങിയിരുന്നു. അതിനാൽ തന്നെ കസ്തൂരി രംഗനില്‍ പിടിച്ചുകയറി അടിത്തറ വിപുലമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസും കോൺഗ്രസ്സും പരസ്പരംം മത്സരിച്ചു നടത്തുന്നത്. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം നേതാവും ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കു പദയാത്രവരെ നടത്തിക്കഴിഞ്ഞു.
ഇതേ സമയം കോൺഗ്രസും സമരവുായി രംഗത്തു വന്നു. സമരം ഡൽഹിയിൽ നടത്തിക്കൊണ്ടാണ് കോൺഗ്രസ് ഘടകകക്ഷിയായി കേരളാ കോൺഗ്രസിനെ നേരിട്ട് വേരുറപ്പിക്കാൻ സമരരംഗത്തുണ്ട്. കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ഇടുക്കിയിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്നിന് ഡല്‍ഹിയില്‍ ധര്‍ണയും സമരവും സംഘടിപ്പിച്ചു. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്.
നാലുവര്‍ഷത്തിലധികമായി നീളുന്ന കസ്തൂരി രംഗന് അനിശ്ചിതത്വം ഇടുക്കി ജില്ലയെ സാരമായി ബാധിച്ചിട്ടുണ്ട്. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരില്‍ തുടക്കകാലങ്ങളില്‍ മതമേധാവികളും രാഷ്ട്രീയ പാര്‍ട്ടികളും കാര്യസാധ്യത്തിനായി നടത്തിയ പ്രചാരണങ്ങള്‍ ബൂമറാങ്ങായി മാറുകയായിരുന്നു. ഇടുക്കി ജില്ല ഭാവിയില്‍ വനമായി മാറുമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ വന്നതോടെ ഭൂമി വില വന്‍തോതില്‍ ഇടിയുകയും സ്ഥലം വില്‍പ്പന ഏതാണ്ട് പൂര്‍ണമായിത്തന്നെ നിലയ്ക്കുകയും ചെയ്തു. ബാങ്ക് വായ്പകൾ കിട്ടുന്നതിനും കുറവുണ്ടായി. ഇത്തരം സാഹചര്യങ്ങള്‍ കസ്തൂരി രംഗന്-ഗാഡ്ഗില്‍ പ്രഖ്യാപനങ്ങള്‍ വന്നു തുടങ്ങിയപ്പോൾ അതിനെതിരായി നടത്തിയ പ്രചാരണങ്ങളുടെ ഫലമായി ഉണ്ടായതാണ്. 2013 മുതല്‍ ആരംഭിച്ച ആ അവസ്ഥഥ നാലുവര്‍ഷം പിന്നിടുമ്പോഴും അതേപടി തുടരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
കസ്തൂരിരംഗന്‍,ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം നല്കാന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപോലും കഴിയുന്നില്ലായെന്നതാണ് യാഥാര്‍ഥ്യം. കേരളത്തിനു മാത്രമായി കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയതായാണ് സൂചന. അതുകൊണ്ടുതന്നെ കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ കാര്യമായ പ്രയോജനം ചെയ്യില്ലായെന്നു തന്നെയാണ് ഈ രംഗത്തു നിന്നുള്ളവരുടെ വിലയിരുത്തല്‍. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരില്‍ സമരത്തീച്ചൂളയായിരുന്ന ഇടുക്കി ജില്ല. അന്ന് നടന്ന രാഷ്ട്രീയക്കളികളുടെ വേദിയായ വരും നാളുകളിലും ജില്ല തുടര്സമരങ്ങളുടെയും ഹര്‍ത്താലുകളുടെയും വേദിയായിത്തീരുമെന്നാണ് ഇപ്പോഴത്തെ നീക്കങ്ങൾ ഉറപ്പിക്കുന്നത്.