കൊച്ചി: കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ തടിയന്റവിടെ നസീര്‍ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. മൂന്നു പേരെ വെറുതെ വിട്ടു.
രണ്ടാം പ്രതി കണ്ണൂര്‍ ഉറുവച്ചാല്‍ സ്വദേശി എം.എച്ച് ഫൈസല്‍, പതിനാലാം പ്രതി കണ്ണൂര്‍ പൊന്ത വളപ്പ് സ്വദേശി മുഹമ്മദ് നവാസ്, പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഉമര്‍ ഫാറൂഖ് എനിവരെയാണ് വെറുതെ വിട്ടത്.
എല്ലാ പ്രതികളുടെയും ശിക്ഷ ജീവപര്യന്തമാക്കി സ്ഥിരപ്പെടുത്തി. ചില പ്രതികള്‍ക്കു വചാരണക്കോടതി ഇരട്ട ജീപര്യന്തം വിധിച്ചിരുന്നു. കേസില്‍ ചില വകുപ്പുകള്‍ ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി അനുവദിച്ചു.
കേസിൽ എൻ.ഐ.എ കോടതി വിധിക്കെതിരെ പ്രതികളും ദേശീയ അന്വേഷണ ഏജൻസിയും ൽകിയ അപ്പീലുകളാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
പ്രധാന പ്രതികളായ തടിയന്റവിട നസീർ, സർഫറസ് നവാസ്, സാബിർ പി. ബുഹാരി, അബ്ദുല്‍ ജലീല്‍, അബ്ദുൽ ജബ്ബാർ എന്നിവരടക്കം ശിക്ഷിക്കപ്പെട്ട 13 പ്രതികളും അപ്പീൽ നൽകിയിരുന്നു. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ചുമത്തിയ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയതിനെതിരെയാണ് എൻ.ഐ.എയുടെ അപ്പീൽ.
കേരളത്തിനകത്തും പുറത്തും വിവിധ കേന്ദ്രങ്ങളിൽ മതപഠന ക്ലാസുകളെന്ന വ്യാജേന ഗൂഢാലോചന നടത്തി യുവാക്കളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി കശ്മീരിൽ സൈന്യത്തെ നേരിടാൻ നിയോഗിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും ജീവപര്യന്തവുമാണ് വിചാരണക്കോടതി വിധിച്ചത്.
24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ കശ്മീരിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടുപേർ ഒളിവിലാണ്. ശേഷിച്ച 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റമുക്തരാക്കി. വിചാരണ നേരിട്ട 13 പ്രതികളും ശിക്ഷിക്കപ്പെട്ടു.
കൊല്ലപ്പെട്ട നാലുപ്രതികൾ ബി.എസ്.എൻ.എൽ നമ്പറിൽനിന്ന് കേരളത്തിലെ മറ്റുപ്രതികളുമായി ബന്ധപ്പെട്ടിരുന്നെന്ന എൻ.ഐ.എ കണ്ടെത്തലിനെത്തുടർന്ന് ഈ നമ്പറുകളിലേക്ക് വിളിച്ചതിന്റെ രേഖകൾ വിചാരണക്കോടതിയിൽ എൻ.ഐ.എ ഹാജരാക്കിയിരുന്നു.
തെളിവുനിയമപ്രകാരം ബി.എസ്.എൻ.എൽ അധികൃതർ ഇത് സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് പ്രതികളുടെ അഭിഭാഷകർ തർക്കമുന്നയിച്ചു. ഇതിൽ വ്യക്തത വരുത്താൻ കശ്മീർ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തുകയും അധിക തെളിവായി പരിഗണിക്കുകയുമായിരുന്നു. അപലേറ്റ് കോടതി എന്ന നിലയിൽ നേരിട്ട് സാക്ഷിവിസ്താരവും തെളിവെടുപ്പും നടത്തിയ ശേഷമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.