ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി.വി.വസന്ത കുമാറിന്റെ മരണ വാർത്തയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കുടുംബം. മകനെ ഇനി ഒരിക്കലും കാണാനാകില്ലെന്ന് അമ്മ ശാന്തയ്ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അവന്റെ അവസാന വാക്കുകളാണ് ഇപ്പോഴും ആ അമ്മയുടെ ചെവിയിൽ മുഴങ്ങുന്നത്.
ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് പോകുന്ന സൈനിക വാഹനത്തിൽ കയറുന്നതിന് തൊട്ടുമുൻപ് വസന്ത കുമാർ അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു. പുതിയ ബെറ്റാലിയനിൽ ചേരുന്നതിനായി ശ്രീനഗറിലേക്ക് പോവുകയാണെന്നും അവിടെ എത്തിയ ഉടൻ തിരിച്ചുവിളിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പക്ഷേ പിന്നെ കുടുംബം കേട്ടത് വസന്ത കുമാറിന്റെ മരണ വാർത്തയായിരുന്നു.
Read: പുല്‍വാമ: കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ്
”ആക്രമണത്തെ കുറിച്ച് അറിഞ്ഞതും വസന്തകുമാറിന്റെ ഭാര്യ ഷീന പല തവണ ഫോണിൽ വിളിക്കാൻ ശ്രമിച്ചു. ഇന്നലെ രാവിലെയാണ് വസന്തകുമാറിന്റെ സഹപ്രവർത്തകരിൽ ഒരാൾ കുടുംബത്തെ വിളിച്ച് മരണ വാർത്ത പറഞ്ഞത്. ഒരു മണിക്കൂറിനുശേഷം ഔദ്യോഗിക വിവരം ലഭിച്ചു,” അയൽവാസി ഉഷ കുമാരി പറഞ്ഞു.

വയനാട് ലക്കിടി സ്വദേശിയാണ് 42 കാരനായ വസന്ത കുമാർ. ഈ മാസമാദ്യം വസന്ത കുമാർ അവധിക്ക് വീട്ടിലെത്തിയിരുന്നു. അഞ്ചു ദിവസത്തെ അവധിക്കുശേഷം ഫെബ്രുവരി 8 നാണ് ജമ്മുവിലേക്ക് മടങ്ങിയത്.
”സിആർപിഎഫിൽ 2001 ലാണ് വസന്ത കുമാർ ചേരുന്നത്. രണ്ടു വർഷത്തിനുശേഷം വിരമിക്കാനാണ് തന്റെ തീരുമാനമെന്ന് പറഞ്ഞിരുന്നു,” കുമാരി പറഞ്ഞു. ”വസന്ത കുമാറിന്റെ മരണം ഞങ്ങൾക്ക് തീരാവേദനയാണ്. പക്ഷേ അവൻ രാജ്യത്തിനുവേണ്ടിയാണ് ജീവൻ വെടിഞ്ഞതെന്ന് ഓർക്കുമ്പോൾ ഞങ്ങൾക്ക് അഭിമാനമാണ്,” ബന്ധു സഞ്ജീവൻ പറഞ്ഞു.
Read in English: In the line of duty: Stories of the 40 CRPF men killed in Pulwama terror attack
പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത് 16 സംസ്ഥാനങ്ങളിൽനിന്നുളള 40 പേർക്കാണ്. ഉത്തർപ്രദേശ് സ്വദേശികളായ ശ്യാം ബാബു (32), അജിത് കുമാർ ആസാദ് (32), അമിത് കുമാർ (22), പ്രദീപ് കുമാർ (38), പ്രദീപ് സിങ് (35), വിജയ് കുമാർ മൗര്യ (38), പങ്കജ് കുമാർ ത്രിപതി (26), രമേശ് യാദവ് (26), മഹേഷ് കുമാർ (26), അദ്വേഷ് കുമാർ (30), റാം വക്കീൽ (37), കൗശൽ കുമാർ റാവത് (47), കേരളത്തിൽനിന്നുളള വി.വി.വസന്ത് കുമാർ (42), രാജസ്ഥാൻ സ്വദേശികളായ രോഹിതാഷ് ലംബ (28), നാരായൺ ലാാൽ ഗുർജർ (40), ഹേംരാജ് മീന (44), ജീത് റാം (30), ഭാഗിരത് സിങ് (26), പഞ്ചാബ് സ്വദേശികളായ കുൽവിന്ദർ സിങ് (26), ജയ്മൽ സിങ് (44), സുഖിന്ദർ സിങ് (32), മനിന്ദർ സിങ് (27), ഉത്തരാഖണ്ഡ് സ്വദേശികളായ മോഹൻ ലാൽ, വിരേന്ദ്ര സിങ്, മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് രാജ്പുത് (45), നിതിൻ ശിവജി റാത്തോഡ് (37), തമിഴ്നാട് സ്വദേശികളായ സുബ്രഹ്മണ്യൻ (28), സി.ശിവചന്ദ്രൻ (32), ജാർഖണ്ഡിൽനിന്നുളള വിജയ് സോരങ്ക് (47), പശ്ചിമ ബംഗാൾ സ്വദേശികളായ സുധീപ് ബിശ്വാസ് (27), ബാബ്‌ലു സാന്ദ്ര (39), അസം സ്വദേശിയായ മനീശ്വർ ബസുമതേരി (48), ഒഡീഷ സ്വദേശികളായ പ്രസന്ന കുമാർ സഹൂ (46), മനോജ് കുമാർ ബെഹേറ (33), ബിഹാർ സ്വദേശികളായ രത്തൻ കുമാർ ഠാക്കൂർ (30), സഞ്ജയ് കുമാർ സിങ് (45), ഹിമാചൽ പ്രദേശ് സ്വദേശിയായ തിലക് രാജ് (30), മധ്യപ്രദേശ് സ്വദേശിയായ അശ്വനി കാച്ചി (28), ജമ്മു കശ്മീർ സ്വദേശിയായ നസീർ അഹമ്മദ് (46), കർണാടക സ്വദേശിയായ എച്ച്.ഗുരു (33) എന്നിവരാണ് മരിച്ചത്.