കാസർഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ ഹൈക്കോടതിയിലേക്ക്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. നിലവില്‍ അഞ്ച് പേരാണ് പൊലീസ് കസ്റ്റഡിയിലുളളത്. ഇന്നലെ അറസ്റ്റിലായ സജി ജോര്‍ജിനെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളായിരുന്നു പ്രതികള്‍ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ക്ക് മുഖ്യപ്രതി പീതാംബരനുമായി അടുത്ത ബന്ധമാണുളളത്. അതേസമയം കേസ് സിബിഐക്ക് വിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണ്. വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കൃപേഷിനെയും ശരത് ലാലിനെയും പ്രതികള്‍ ആക്രമിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നാം പ്രതി പീതാംബരൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചും കൂട്ടുപ്രതികൾ വടിവാൾ ഉപയോഗിച്ചുമാണ് കൊല നടത്തിയത്. കൊലപാതകത്തിന്റെ സൂത്രധാരൻ പീതാംബരൻ ആണെന്നും ഇക്കാര്യങ്ങൾ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ