തിരുവനന്തപുരം: എല്ലാ കേസുകളും സിബിഐ അന്വേഷിക്കണമെങ്കിൽ ​കേരള പൊലീസിനെ പിരിച്ചു വിടണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി​ കോടിയേരി ബാലകൃഷ്ണന്‍. പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണമെന്ന ശരത്​ ലാലി​ന്റെ പിതാവ്​ സത്യനാരായണ​ന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന് കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ‘എംഎല്‍എയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന തെളിവുണ്ടെങ്കിൽ പൊലീസിനെ സമീപിക്കണം. തെളിവ് മാധ്യമങ്ങൾക്കല്ല, അന്വേഷണ ഉദ്യോഗസ്​ഥർക്കാണ്​ നൽകേണ്ടത്​. പ്രതികൾക്കോ അവരുടെ കുടുംബത്തിനോ പാർട്ടി സഹായം ഉണ്ടാവി​ല്ലെന്നും കോടി​യേരി വ്യക്തമാക്കി.

കേസില്‍ കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. നിലവില്‍ അഞ്ച് പേരാണ് പൊലീസ് കസ്റ്റഡിയിലുളളത്. ഇന്നലെ അറസ്റ്റിലായ സജി ജോര്‍ജിനെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണ്. വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കൃപേഷിനെയും ശരത് ലാലിനെയും പ്രതികള്‍ ആക്രമിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.