കാസർഗോഡ്: കാസർഗോഡുള്ള രോഗികൾക്ക് ഇനി മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോകാം. ഹെെക്കോടതിയിലെ നിയമപോരാട്ടത്തിനു ഒടുവിലാണ് കേരളത്തിനു അനുകൂലമായ തീരുമാനം. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളിലേക്കു പോകാൻ സാധിക്കും. രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കും. അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കാസർഗോഡ്-മംഗലാപുരം അതിർത്തി ഉടൻ തുറക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. റോഡുകള്‍ അടിയന്തരമായി തുറക്കണമെന്നാണ് കോടതി ഇന്നലെ ആവശ്യപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല.

Read Also: Horoscope Today April 02, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കേരളത്തിൽ നിന്നുള്ള രോഗികളുടെ ചികിത്സ ലഭ്യമാവുന്നതിലുള്ള ബുദ്ധിമുട്ട് പരിഗണിച്ച് കാസർഗോഡ് – മംഗലാപുരം അതിർത്തിയിലെ ദേശീയപാത പാതകൾ തുറക്കാനാണ് ഇടക്കാല ഉത്തരവിലൂടെ ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. ഹർജിയിൽ ഇടപെടാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലന്ന കർണാടകയുടെ വാദം ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളി. ദുരന്തനിവാരണ നിയമപ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശം നൽകിയതെന്നും സംസ്ഥാനങ്ങൾക്ക് അതിൽ ഇളവ് വരുത്താമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തേ കർണാടകയുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി നിലപാട് മനഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് രോഗങ്ങൾ ഉള്ളവരെ പ്രവേശിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നായിരുന്നു കർണാടക സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്റെ വാദം. മംഗലാപുരം റെഡ് സോണായി രാവിലെ പ്രഖ്യാപിച്ചെന്നും എജി കോടതിയെ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.