കാസർകോട് : കേരളത്തെ ഞെട്ടിച്ച കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലക്കേസിൽ എ.പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന ഇദ്ദേഹത്തെ പാർട്ടി പുറത്താക്കി. കൊലപാതകം നടന്നത് ഇദ്ദേഹത്തിന്റെ പ്രേരണയിലാണെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി എ ശ്രീനിവാസ് പറഞ്ഞു.
കേസിൽ കസ്റ്റഡിയിലുളള പ്രതികളെ ചോദ്യം ചെയ്യുകയാണെന്ന് പറഞ്ഞ എസ്പി, പീതാംബരനെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പറഞ്ഞു. സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയംഗമായിരുന്ന പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കഴിഞ്ഞ ദിവസം സിപിഎം തീരുമാനിച്ചിരുന്നു.
പീതാംബരനാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ എന്നാണ് ആരോപണം. ഇയാളെ ഇന്നലെ രാത്രിയിലാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്നയുടൻ പീതാംബരൻ ഒളിവിൽ പോയിരുന്നു. കാസർകോട് – കർണാടക അതിർത്തിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പീതാംബരനെ ആക്രമിച്ച കേസിൽ പ്രതികളാണ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തും കൃപേഷും. കൃപേഷടക്കമുളളവവരെ ക്യാംപസിൽ വച്ച് മർദ്ദിച്ചതിന്റെ പ്രതികരണമായി പെരിയയിൽ കോൺഗ്രസ് – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. പീതാംബരന് സംഘർഷത്തിൽ സാരമായി പരിക്കേറ്റു. ഇതിന്റെ പ്രതികാരം തീർക്കാനാണ് ജില്ലയ്ക്ക് പുറത്ത് നിന്ന് ക്വട്ടേഷൻ സംഘത്തെ വരുത്തി ആക്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.