കാസർകോട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീ വീടിനുളളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പെരിയ ബസാറിനടത്തുളള ആയാംപാറ റോഡിന് സമീപം ചെക്കിപളളത്ത് സുബൈദ (60) യെയാണ് വീടിനുളളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വീടിനകത്ത് കൊല്ലപ്പെട്ട സുബൈദയെ കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം കമഴ്ന്നാണ് കിടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. പതിനഞ്ച് സെന്റ് സ്ഥലത്തുളള വീടിനുളളിൽ തനിച്ചാണ് സുബൈദ താമസിച്ചിരുന്നത് എന്ന് സമീപവാസികൾ പറഞ്ഞു.
ഭർത്താവും മക്കളുമില്ലാത്ത സുബൈദ വീട് പണിക്കും മറ്റും പോയാണ് ജീവിതമാർഗം കണ്ടെത്തിയിരുന്നത്. അവർ ജോലിക്ക് നിന്ന വീട്ടിലെ ബന്ധുവീട്ടിലെ ചടങ്ങിന് പോകാൻ ബുധനാഴ്ച മുതൽ ആ വീട്ടുകാർ സുബൈദയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ഫോണിൽ കിട്ടാത്തതിനാൽ നേരിട്ട് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുന്നതായാണ് കണ്ടത്.
ഇതേ തുടർന്ന് അയൽവാസികളോട് അന്വേഷിച്ചുവെങ്കിലും സുബൈദയെ രണ്ട് ദിവസമായി കണ്ടില്ലെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് സുബൈദയുടെ മൊബൈലിൽ വിളിച്ചപ്പോൾ വീടിനുളളിൽ നിന്നും ബെൽ കേട്ടു. തുടർന്നാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സംഘം എത്തി പിന്നിലെ വാതിൽ പൊളിച്ചാണ് വീടിനുളളിൽ പ്രവേശിച്ചത്. ഫോറൻസിക് വിദഗ്‌ധരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് ഉടനെ എത്തും.