തിരുവനന്തപുരം: കാസര്‍ഗോട്ട് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ചു നല്‍കിയ കോവിഡ് ആശുപത്രിയില്‍ 191 തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അടിയന്തരമായി ജീവനക്കാരെ നിയമിക്കും.

അഗതിമന്ദിരങ്ങള്‍, ക്ഷേമസ്ഥാപനങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയിലെ അന്തേവാസികള്‍ക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യും. ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് കോവിഡ് സാഹചര്യത്തില്‍ നാലുപേര്‍ക്ക് ഒന്ന് എന്ന രീതിയില്‍ നേരത്തെ കിറ്റ് വിതരണം ചെയ്തിരുന്നു. ഇതേ മാതൃകയില്‍ ഡിസംബര്‍ വരെ റേഷന്‍ കടകള്‍ മുഖേനയൊണു കിറ്റ് വിതരണം ചെയ്യകെ. ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വകയിരുത്തും.

ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി പ്രകാരം നിര്‍മിക്കുന്ന ദുരിതാശ്വാസ അഭയകേന്ദ്രങ്ങളുടെ പരിപാലനത്തിനുള്ള സഞ്ചിത നിധി രൂപീകരിക്കും. ഇതിനായി 3.2 കോടി രൂപ സുനാമി പുനരധിവാസ പദ്ധതിയുടെ പലിശത്തുകയില്‍നിന്ന് അനുവദിക്കും.

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്താനുള്ള പാനലിന് അംഗീകാരം നല്‍കി. മുന്‍ ജില്ലാ സെഷന്‍സ് ജഡ്ജിമാരായ കെ ശശിധരന്‍ നായര്‍, ഡി പ്രേമചന്ദ്രന്‍, പി മുരളീധരന്‍ എന്നിവരാണ് പാനലിലുള്ളത്.

2020 – 21 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ കോഴ്‌സുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്ന വിധം കേരള, കോഴിക്കോട്, മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.

കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയിലെ അധ്യാപകരുടെ യുജിസി അഞ്ചാം ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കും. ആറാം ശമ്പള പരിഷ്‌കരണം നടപ്പാക്കും. ശമ്പളപരിഷ്‌കരണ കുടിശിക അനുവദിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.