മഞ്ചേശ്വരം: കാസർകോട് കളളവോട്ട് നടന്നുവെന്ന പരാതിയുമായി കോൺഗ്രസ് വീണ്ടും രംഗത്ത്. കാസർകോട് മണ്ഡലത്തിലെ കയ്യൂർ ചീമേനിയിൽ കളളവോട്ട് നടന്നുവെന്നാണ് കോൺഗ്രസ് പരാതി. 48-ാം ബൂത്തിൽ രണ്ടു സിപിഎം പ്രവർത്തകർ പലതവണ വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.

രാഹുൽ.എസ്, വിനീഷ് എന്നിവരുടെ ദൃശ്യങ്ങളാണ് കളളവോട്ട് നടന്നുവെന്ന് കാട്ടി കോൺഗ്രസ് പരാതി നൽകിയത്. ഇരുവരും വ്യത്യസ്ത സമയങ്ങളിൽ വോട്ട് ചെയ്യാൻ നിൽക്കുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. പ്രവാസികളായ 16 പേരുടെ വോട്ടുകൾ ഈ ബൂത്തിൽ കളളവോട്ട് ചെയ്തുവെന്നാണ് കോൺഗ്രസ് പരാതിയിൽ പറയുന്നത്. സിപിഎം ശക്തികേന്ദ്രമായ ചീമേനിയിൽ കൂളിയാട് സ്കൂളിലെ ബൂത്തുകളിൽ മാത്രം 120ലധികം പേരുടെ കള്ളവോട്ട് നടന്നുവെന്നും കോൺഗ്രസ് പരാതിയിൽ പറയുന്നു.

കാസർകോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി കളളവോട്ട് നടന്നുവെന്നാണ് കോൺഗ്രസ് ആരോപണം. കണ്ണൂരില്‍ പിലാത്തറ 19-ാം നമ്പര്‍ ബൂത്തില്‍ കളളവോട്ട് നടന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. സുമയ്യ, സലീന, പദ്മിനി എന്നിവര്‍ രണ്ട് തവണ വോട്ട് ചെയ്തു. ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്ന സിപിഎം വാദവും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തളളി. കളളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാനും വരണാധികാരിയോട് അദ്ദേഹം നിര്‍ദേശിച്ചു.

Read: കളളവോട്ട് ആരോപണം: സിപിഎമ്മിന്റെ വിജയത്തിളക്കം കുറച്ച് കാണിക്കാനുളള ശ്രമമെന്ന് എം.വി ജയരാജന്‍

കളളവോട്ടിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തോ എന്നാണ് അന്വേഷിക്കുന്നത്. പിലാത്തറ ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. കള്ളവോട്ട് ചെയ്തതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ നടപടി ആരംഭിച്ചതായും ടിക്കാറാം മീണ അറിയിച്ചു. കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട്ടു നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നു. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ ജില്ലയില്‍ ഉള്‍പ്പെട്ടതും കാസര്‍കോട് ലോക്സഭാ മണ്ഡലത്തിന് കീഴിൽ വരുന്നതുമായ കല്യാശ്ശേരി പിലാത്തറയിലെ 19-ാം നമ്പർ ബൂത്തിലാണ് കളളവോട്ട് നടന്നതായി പരാതി ഉയർന്നത്. എന്‍.പി.സലീന, കെപി.സുമയ്യ, പദ്മിനി എന്നീ സിപിഎം അംഗങ്ങള്‍ രണ്ട് തവണ വീതം കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി. ഇവർ മൂന്നുപേരും ഈ ബൂത്തിലെ വോട്ടര്‍മാരല്ല. സലീന പഞ്ചായത്ത് അംഗവും മറ്റ് രണ്ട് പേർ മുന്‍പഞ്ചായത്ത് അംഗങ്ങളുമാണ്.

കാസർകോട്ടെ തൃക്കരിപ്പൂർ, പയ്യന്നൂർ, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ കള്ളവോട്ട് നടന്നതായി കോൺഗ്രസ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. വ്യാപകമായി കളളവോട്ട് നടന്ന സ്ഥലങ്ങളിൽ റീ പോളിങ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കണ്ണൂരില്‍ യുഡിഎഫിനെതിരെ കള്ളവോട്ട് ആരോപണം ഉയര്‍ന്നിരുന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കല്യാശ്ശേരി മാടായി 69-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. മുഹമ്മദ് ഫായിസ് എന്നയാള്‍ 69,70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം. നമ്പര്‍ ബൂത്തില്‍ ആഷിഖ് എന്നയാള്‍ പലതവണ വോട്ട് ചെയ്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫാണ് പരാതി നല്‍കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.