ന്യൂഡല്‍ഹി: കാസർഗോട്ടെ കേരള അതിര്‍ത്തികള്‍ അടച്ച വിഷയത്തില്‍ സുപ്രീം കോടതിയിൽ കര്‍ണാടകത്തിന് തിരിച്ചടി. കാസര്‍ഗോഡ്-മംഗളൂരു ദേശീയ പാത തുറന്നു കൊടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശം നല്‍കിയ കേരള ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതിയില്‍ സ്റ്റേയില്ല. ആരോഗ്യ സെക്രട്ടറിയും കേരള-കര്‍ണാടക ചീഫ് സെക്രട്ടറിമാരും സംയുക്തമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വീഡിയോ കോൺഫൻസിങ് വഴിയാണ് ഇന്ന് ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് ഹർജി പരിഗണിച്ചത്. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണനയ്ക്ക് എടുത്തില്ല. കേരള, കർണാടക സംസ്ഥാനങ്ങളുടെ മാത്രം വാദം കേൾക്കാനായിരുന്നു കോടതി തീരുമാനം. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ നിർദേശം.

Read More: കർണ്ണാടക അതിർത്തി ഉടൻ തുറക്കണം; കേന്ദ്രത്തോട് ഹൈക്കോടതി

അവശ്യ സര്‍വീസുകളെ തടയാനാകില്ലെന്നും ഇവ കടത്തിവിടണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. എന്നാല്‍ കര്‍ണാടകയോട് അതിര്‍ത്തി തുറക്കണമെന്ന നിര്‍ദേശം കോടതി നല്‍കിയിട്ടുമില്ല. കേരള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.

ഏതൊക്കെ വാഹനങ്ങള്‍ കടത്തി വിടണമെന്ന് തീരുമാനിക്കാന്‍ സമിതി ഉണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവരുടെ സമിതി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. ഹര്‍ജി ഏഴാം തീയതി വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കര്‍ണാടക അതിര്‍ത്തി അടച്ചതോടെ കാസര്‍ഗോട്ടുള്ള രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചുവെന്നും കേരളം ഇന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കാസര്‍ഗോഡിനെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തങ്ങള്‍ക്കു ഭീഷണിയാണെന്ന് കര്‍ണാടകവും കോടതിയില്‍ വാദിച്ചു.

കർണാടക അതിർത്തി അടച്ചതുമൂലം ചികിത്സ കിട്ടാതെ ഏഴ് പേരാണ് കാസർഗോഡ് ജില്ലയിൽ മരിച്ചത്. കാസർകോട് കോവിഡ് ഹോട്ട്‌സ്‌പോട്ടാണ്. കേരളത്തിലെ രോഗികളെ അവിടെത്തന്നെ ചികിത്സിക്കണം. കാസർഗോട്ടെ രോഗികളെ കർണാടകത്തിന് ചികിത്സിക്കാനാകില്ല എന്നായിരുന്നു കർണാടകത്തിന്‍റെ നിലപാട്.

ഇതിനെതിരെ കേരളം ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള ഹൈവേകൾ തടസ്സപ്പെടുത്തിയാൽ നിയമ നടപടി വരെ എടുക്കാമെന്നും കോടതി സൂചിപ്പിച്ചു. കർണാടക സർക്കാരിന് എതിരെ ഒരു ഉത്തരവും പാസ്സാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, കേന്ദ്ര സർക്കാരിനാണ് നിർദേശം നൽകുന്നതെന്നും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.