കാസർഗോഡ്: മക്കളെ കൊലപ്പെടുത്തിയ ശേഷം കാസർഗോഡ് അച്ഛനും അമ്മയും ആത്മഹത്യ ചെയ്തതിന് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക വിവരം. ഇന്നലെ വൈകിട്ടാണ് നാലംഗ കുടുംബത്തെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

കാസർഗോഡ് അഡൂർ മാട്ട സ്വദേശികളായ രാധാകൃഷ്‌‌ണൻ (38), ഭാര്യ പ്രസീല(27), മക്കളായ ശബരിനാഥ്, കാശിനാഥ് എന്നിവരാണ് മരിച്ചത്. വൈകുന്നേരം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മക്കളെ അകത്തേക്ക് വിളിച്ച ശേഷം രാധാകൃഷ്ണനും പ്രസീലയും ചേർന്ന് കൊലപ്പെടുത്തിയതാകാമെന്നും പിന്നീട് ഇരുവരും ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസ് നിഗമനം.

രാത്രി ഏറെ വൈകിയിട്ടും വീട്ടിനകത്ത് വെളിച്ചം കാണാതിരുന്നതിനെ തുടർന്ന് ബന്ധു നടത്തിയ അന്വേഷണത്തിലാണ് നാല് പേരും മരിച്ചുകിടക്കുന്നത് കണ്ടത്. പിന്നീട് പൊലീസെത്തി ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു.

കാസർഗോഡ് ഡിവൈഎസ്‌പി സുകുമാരനാണ് അന്വേഷണ ചുമതല. കൂലിപ്പണിക്കാരനായിരുന്ന രാധാകൃഷ്ണന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാവും അന്വേഷണം നടക്കുകയെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ