കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍. കെഎല്‍ 14 ജെ 5683 നമ്പറിലുള്ള സൈലോയാണ് പൊലീസ് പിടികൂടിയത്. എച്ചിലോട്ട് സ്വദേശി സജി ജോര്‍ജിന്റെ പേരിലുള്ളതാണ് വണ്ടി. സജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് കസ്റ്റഡിയിലായിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് കസ്റ്റഡിയിലായത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പീതാംബരനാണ് എന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. അതേസമം, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആരും കസ്റ്റഡിയില്‍ ഇല്ലെന്നാണ് വിവരം.

സിപിഎം പ്രാദേശിക നേതൃത്വത്തിന് കൊല്ലപ്പെട്ട കൃപേഷിനോടും ശരത്തിനോടും വൈരാഗ്യമുണ്ടായിരുന്നതായി കൃപേഷിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. കണ്ണൂരില്‍ നിന്നുള്ള കൊട്ടേഷന്‍ സംഘമാണ് കൊല നടത്തിയിരിക്കുന്നതെന്നാണ് നിഗമനം. പ്രദേശത്ത് നിന്നും ലഭിച്ച മൂന്ന് മൊബൈല്‍ ഫോണുകളും നിര്‍ണായകമാവും. പ്രതികളില്‍ ആരുടേതെങ്കിലും ആവാം ഈ ഫോണുകളെന്നാണ് വിലയിരുത്തല്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ