തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഉത്തരവിറക്കിയത്. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല.
നേരത്തെ കേസില്‍ അഞ്ച് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയിരുന്നു. കേസില്‍ നേരിട്ട് പങ്കുള്ളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. കെഎം സുരേഷ്, കെ അനില്‍ കുമാര്‍, അശ്വിന്,ശീരാഗ്,ഗിജിന്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഉടമയായ സജി ജോര്‍ജിനെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കേസില്‍ ഇതുവരേയും ഏഴ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേസില്‍ സിപിഎം. ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ പീതാംബരന് നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പീതാംബരനും നിലവില്‍ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.
അതേസമയം, കൊലവിളി പ്രസംഗത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് വിപിപി മുസ്തഫ രംഗത്തെത്തി. പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നായിരുന്നു മുസ്തഫയുടെ പ്രതികരണം. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തതാണെന്നും മാധ്യമങ്ങള്‍ അത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മുസ്തഫ പറയുന്നു.
താന്‍ കൊലവിളി നടത്തിയില്ലെന്നും പീതാംബരനേയും സുരേന്ദ്രനേയും ആക്രമിച്ചത് തങ്ങള്‍ ക്ഷമിക്കുന്നുവെന്നാണ് പറഞ്ഞതെന്നുമാണ് മുസ്തഫ നല്കുന്ന വിശദീകരണം. പക്ഷെ ഇനിയും ചവിട്ടാന്‍ വന്നാല്‍ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് പാര്‍ട്ടി ശ്രമിക്കുമെന്നും പറഞ്ഞിരുന്നതായിരുന്നു മുസ്തഫ വിശദമാക്കുന്നു.