/indian-express-malayalam/media/media_files/uploads/2018/08/siddique-1.jpg)
കാസർകോട്: മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വതിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. സിദ്ദിഖിനെ കുത്തിയത് അശ്വതാണെന്ന് പൊലീസ് പറഞ്ഞു. കണ്ടാൽ അറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരസ്യ മദ്യപാനത്തെ ചൊല്ലിയുളള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് മഞ്ചേശ്വരം സോങ്കൾ പ്രതാപ് നഗർ സ്വദേശി അബൂബക്കർ സിദ്ദിഖ് (25) കുത്തേറ്റ് മരിച്ചത്. രാത്രി വീട്ടിലേക്ക് വരികയായിരുന്ന സിദ്ദിഖിനെ മോട്ടോർ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിദ്ദിഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു. സോങ്കാലിലെ ഫ്രിഡ്ഹസ് നഗർ ബ്രാഞ്ച് മെംബറും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് സിദ്ദിഖ്.
അതേസമയം, ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മണികണ്ഠൻ പറഞ്ഞു. മൃഗീയമായാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് നടന്നത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള പറഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതക്തതിലേക്ക് എത്തിച്ചത്. രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാരും ഉണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.