കാഞ്ഞങ്ങാട്: പാണത്തൂരിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. വിവാഹ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. ശ്രേയസ് (13), രവിചന്ദ്രൻ (40), രാജേഷ് (45), സുമതി (50), ശേഷമ്മ (39), ശശിധര പൂജാരി (43) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. മരിച്ചവരെല്ലാം കർണാടക സ്വദേശികളാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. കർണാടകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്കു കല്ല്യാണ പാർട്ടിയുമായി വന്ന ബസ് ആണ് അപകടത്തിൽപെട്ടത്.കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് വീടിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു.
Also Read: ഇർഷാദിന്റെ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു; കിണറ്റില്‍നിന്ന് നീക്കിയത് ടണ്‍കണക്കിന് മാലിന്യം
ബസ്സില്‍ 70ഓളം പേരുണ്ടായിരുന്നുവെന്ന് കലക്ടർ അറിയിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിൽപ്പെട്ടവർക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടവും സർക്കാരും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി അറിയിച്ചു.റവന്യൂ മന്ത്രിയുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡിഎംഒ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലുംഡിഎംഒ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അടിയന്തിര നടപടികൾക്ക് നേതൃത്വം നൽകി. കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ ലഭ്യമാക്കാൻ ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകിയതായി ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. പാണത്തൂർ ബസ് അപകടത്തെ കുറിച്ച് അന്വേഷിക്കാൻ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു