കാസർഗോഡ്: തലയില്‍ ചക്ക വീണതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ യുവാവിന് കോവിഡ്-19 സ്ഥിരീകരിച്ചു. എന്നാൽ ഇയാള്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നു കിട്ടിയതെന്ന് വ്യക്തമല്ലെന്ന് പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.സുദീപ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“കാസർഗോഡ് ബേളൂർ സ്വദേശി ചക്ക പറിക്കാൻ കയറി വീണു നട്ടെല്ലിന് ക്ഷതം സംഭവിച്ചു. കൈകളും കാലുകളും തളർന്നു. ഇത് ശസ്ത്രക്രിയ വേണ്ട കേസ് ആണ്. പുതിയ സാഹചര്യതിൽ എല്ലാ ശസ്ത്രക്രിയകൾക്കു മുൻപും കോവിഡ് ടെസ്റ്റ്‌ നടത്താറുണ്ട്. അങ്ങനെ നടത്തിയപ്പോഴാണ് ഈ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രൈവറായ ഇയാൾക്ക് കോവിഡ് ലക്ഷണം ഉണ്ടായിരുന്നു. കോവിഡ് രോഗികളുമായി സമ്പർക്കമോ യാത്രാ ചരിത്രമോ ഇല്ലാത്ത ആളാണ് ഇദ്ദേഹം. ഇതൊരു വലിയ അപകടമാണ്. ആരെയെങ്കിലും ഓട്ടോയിൽ കയറ്റിയത് വഴി കിട്ടിയതാണോ എന്ന് വ്യക്തമല്ല. ഇയാൾ ഇടയ്ക്ക് ജില്ലാ ആശുപത്രിയിൽ പോയിട്ടുണ്ട്. അവിടുന്ന് കിട്ടിയതാണോ എന്നും അറിയില്ല. ഇക്കാര്യം റൂട്ട് മാപ്പ് തയാറാക്കി പരിശോധിച്ചു വരികയാണ്.”

സംസ്ഥാനത്ത് ശനിയാഴ്ച 62 പേർക്ക് കൂടി പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം കൂടിയായിരുന്ന ശനിയാഴ്ച. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 12 എണ്ണം.

Read Also: കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 രോഗികളുള്ള മഹരാഷ്ട്രയിൽ നിന്നെത്തിയ 21 പേർക്കും തമിഴ്നാട് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. 17 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. കോഴിക്കോട് രോഗം സ്ഥിരീകരിച്ച ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.

അതേസമയം, കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. മുംബൈയില്‍ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്‍റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കില്‍ മാത്രമേ യാത്രക്കാരുടെ ആരോഗ്യപരിശോധനയ്ക്കും അവരുടെ തുടര്‍ന്നുള്ള യാത്രക്കും ക്വാറന്‍റൈന്‍ ഫലപ്രദമാക്കുന്നതിനും സംവിധാനമുണ്ടാക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.