വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ബളാലിൽ പതിനാറുകാരി ഐസ്‌ക്രീമില്‍നിന്നും വിഷബാധയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച ആന്‍ മരിയയുടെ സഹോദരന്‍ ആല്‍ബിനെ(22) വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. ആൽബിൻ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകളായ ആന്‍മരിയ ഓഗസ്റ്റ് അഞ്ചിനാണ് ഐസ്‌ക്രീമില്‍നിന്നു വിഷബാധയേറ്റ് മരിച്ചത്. ആല്‍ബിനും ആന്‍മരിയയും ചേര്‍ന്നാണ് വീട്ടിൽ ഐസ്‌ക്രീം ഉണ്ടാക്കിയത്. ഐസ്‌ക്രീം കഴിച്ച ശേഷം ആന്‍മരിയയ്ക്ക് ഛര്‍ദിയും വയറിളക്കവും ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്നു വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് മഞ്ഞപ്പിത്തമാണെന്ന സംശയത്തിൽ ചികിത്സ നടത്തുന്നതിനിടെയായിരുന്നു മരണം.

ആൻമരിയ മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ ബെന്നിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതിനിടെ ബെന്നിയുടെ ഭാര്യ ബെസിയും അറസ്റ്റിലായ ആൽബിനെയും ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ പിന്നീട് ഡിസ്‌ചാർജ് ചെയ്തു.

Read More: മത്തായിയുടെ മരണം: ഹൈക്കോടതി പൊലീസിനോട് റിപ്പോർട്ട് തേടി

ആൻമരിയക്കും മാതാപിതാക്കൾക്കും ഐസ്ക്രീമിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി ആൽബിൻ ഡോക്ടർമാരോട് പറഞ്ഞെങ്കിലും മെഡിക്കൽ പരിശോധനയിൽ കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. ഇതാണ് ആൽബിനിലേക്കു സംശയമുന നീളാൻ കാരണമെന്നു പൊലീസ് പറഞ്ഞു. ആൻമരിയുടെ ശരീരത്തിൽ വിഷസാന്നിധ്യം പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് സ്കൂളിലെ പത്താംതരം വിദ്യാർഥിയാണ് ആൻമരിയ. മാതാപിതാക്കളെയടക്കം കൊല്ലാനായിരുന്നു ആല്‍ബിന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.