Latest News

ഐസ്‌ക്രീം കഴിക്കാൻ അമ്മ വിസമ്മതിച്ചു, മകൻ നിർബന്ധിച്ചു; കാസർഗോഡ് കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് ആൽബിൻ

ഐസ്‌ക്രീം ഉണ്ടാക്കിയ ശേഷം മാതാപിതാക്കൾക്കും സഹോദരിക്കും നൽകുകയായിരുന്നു. പ്രമേഹ രോഗിയായതുകൊണ്ട് അമ്മ ഐസ്‌ക്രീം കഴിക്കാൻ വിസമ്മതിച്ചു. എന്നാൽ, ആൽബിൻ നിർബന്ധിച്ച് കഴിപ്പിക്കാൻ ശ്രമിച്ചു. ആൽബിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഒടുവിൽ അമ്മ ഐസ്‌ക്രീം കഴിച്ചത്, അതും വളരെ ചെറിയ അളവിൽ മാത്രം

two killed in thrissur, തൃശൂരിൽ രണ്ടു പേരെ വെട്ടിക്കൊന്നു, murder, കൊലപാതകം, attack, ആക്രമണം, thrissur murder, തൃശൂരിലെ കൊലപാതകം, iemalayalam, ഐഇ മലയാളം
കാസർഗോഡ്: കാസര്‍ഗോഡ് ബളാലിൽ പതിനാറുകാരി ആൻമരിയ ഐസ്‌ക്രീമില്‍നിന്നും വിഷബാധയേറ്റു മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആൻമരിയയുടെ സഹോദരനും കേസിലെ പ്രതിയുമായ ആൽബിൻ കുറ്റം സമ്മതിച്ചതായി വെള്ളരിക്കുണ്ട് എസ്‌ഐ പറഞ്ഞു. പ്രതിയെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. രാത്രിയിലും പുലർച്ചെയുമായാണ് തെളിവെടുപ്പ് നടത്തിയത്. ആളുകൾ കൂട്ടംകൂടാതിരിക്കാൻ വേണ്ടിയാണ് പൊലീസ് രഹസ്യമായി തെളിവെടുപ്പ് നടത്തിയത്.

ഐസ്‌ക്രീമിൽ വിഷം ചേർത്ത് കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ചത് താനാണെന്ന് ആൽബിൻ പൊലീസിനോട് സമ്മതിച്ചു. വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ ഐസ്‌ക്രീം ഉണ്ടാക്കാൻ ഉപയോഗിച്ച പാത്രം കണ്ടെടുത്തു. ഐസ്‌ക്രീമിൽ വിഷം ചേർത്ത രീതി ആൽബിൻ പൊലീസിനോട് വിവരിച്ചു. ആവശ്യം കഴിഞ്ഞ് എലിവിഷം പറമ്പിൽ ഒരിടത്ത് മൂടിയിട്ടതായി ആൽബിൻ പറഞ്ഞു. ബാക്കിവന്ന എലിവിഷം പൊലീസ് പറമ്പിൽ നിന്നു കണ്ടെടുത്തു.

Read Also: കാസർഗോട്ടെ പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; സഹോദരൻ അറസ്റ്റിൽ

ഏറെ സ്വഭാവദൂഷ്യമുള്ള വ്യക്തിയാണ് ആൽബിനെന്ന് പൊലീസ് പറയുന്നു. ഐടിഐ പഠിച്ചിട്ടുള്ള ആൽബിൻ വീടിനു അടുത്തുള്ള ചില കടകളിൽ ജോലി ചെയ്‌തിരുന്നു. പലയിടത്തു നിന്നും മോഷണത്തിനു പിടിച്ചിട്ടുണ്ട്. അങ്ങനെയാണ് ജോലി നഷ്‌ടപ്പെട്ടത്. ആൽബിൻ മയക്കുമരുന്നിനു അടിമയാണെന്നും അശ്ലീല സെെറ്റുകൾ ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പൊലീസ് പറയുന്നു. മോശം കൂട്ടുക്കെട്ടുകളുണ്ടായിരുന്നു. ആൽബിന്റെ ഇത്തരം കാര്യങ്ങളിലെല്ലാം വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. അതുകൊണ്ട് വീട്ടുകാരെ ഇല്ലാതാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇതിനുവേണ്ടിയാണ് ഐസ്‌ക്രീമിൽ വിഷം ചേർത്തു മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ആൽബിൻ സമ്മതിച്ചതായി പൊലീസ് പറയുന്നു. വീട്ടുകാരെ ഇല്ലാതാക്കിയാൽ വീടും മറ്റു സ്ഥലങ്ങളും വിറ്റ് തനിക്ക് ഇഷ്‌ടപ്പെട്ട പോലെ ജീവിക്കാമെന്നാണ് ആൽബിൻ കരുതിയിരുന്നത്. ഇവർക്ക് സ്വന്തമായി ഏകദേശം നാല് ഏക്കറോളം ഭൂമിയുണ്ട്.

പതിനാറുകാരിയായ സഹോദരിയെ ആൽബിൻ ശാരീരികമായി മർദിച്ചിരുന്നതായി പൊലീസ് പറയുന്നു. ഐസ്‌ക്രീം ഉണ്ടാക്കിയ ശേഷം മാതാപിതാക്കൾക്കും സഹോദരിക്കും നൽകുകയായിരുന്നു. പ്രമേഹ രോഗിയായതുകൊണ്ട് അമ്മ ഐസ്‌ക്രീം കഴിക്കാൻ വിസമ്മതിച്ചു. എന്നാൽ, ആൽബിൻ നിർബന്ധിച്ച് കഴിപ്പിക്കാൻ ശ്രമിച്ചു. ആൽബിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഒടുവിൽ അമ്മ ഐസ്‌ക്രീം കഴിച്ചത്, അതും വളരെ ചെറിയ അളവിൽ മാത്രം. ഐസ്‌ക്രീമിന്റെ അളവ് കുറവായതുകൊണ്ട് ആൽബിന്റെ അമ്മ ബെസിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ കണ്ടില്ല. ഐസ്‌ക്രീം കൂടുതൽ അളവിൽ കഴിച്ച ആൽബിന്റെ സഹോദരി പ്രകടമായ ശാരീരിക അസ്വാസ്ഥ്യങ്ങൾ കാണിക്കാൻ തുടങ്ങി. പെൺകുട്ടിക്ക് മഞ്ഞപ്പിത്തമാണെന്ന് കരുതി ആദ്യം നാട്ടുവെെദ്യം കാണിക്കുകയായിരുന്നു. പിന്നീട് സ്ഥിതി കൂടുതൽ വഷളായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Read Also: പെട്ടിമലയിൽ തിരച്ചിൽ തുടരുന്നു; കാണാമറയത്ത് 15 പേർ

ഇതിനു പിന്നാലെയാണ് ആൽബിന്റെ പിതാവ് ബെന്നി, മാതാവ് ബെസി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവർക്കും ഛർദിയുണ്ടായിരുന്നു. എന്നാൽ, ബെസി ആരോഗ്യനില വീണ്ടെടുത്തു. പിതാവ് ബെന്നി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമെന്നാണ് റിപ്പോർട്ട്.

ബെന്നിയുടെയും ബെസിയുടെയും പരിശോധന നടത്തിയപ്പോഴാണ് എലിവിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. ഇരുവരുടെയും മകളായ പതിനാറുകാരിയുടെ പോസ്റ്റ്‌മോർട്ടത്തിലും ശരീരത്തിൽ വിഷത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. എന്നാൽ, ശാരീരിക അസ്വസ്ഥതകൾ അഭിനയിച്ച ആൽബിന്റെ പരിശോധനയിൽ വിഷാംശം ഇല്ലെന്ന് വ്യക്തമായതോടെ എല്ലാ സംശയങ്ങളും ആൽബിനിലേക്ക് നീണ്ടു.

ആൻമരിയക്കും മാതാപിതാക്കൾക്കും ഐസ്ക്രീമിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി ആൽബിൻ ഡോക്ടർമാരോട് പറഞ്ഞെങ്കിലും മെഡിക്കൽ പരിശോധനയിൽ കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. ഇതാണ് ആൽബിനിലേക്കു സംശയമുന നീളാൻ കാരണം.

ആൽബിൻ ഉണ്ടാക്കിയ ഐസ്‌ക്രീം കൂടുതൽ അളവിൽ കഴിച്ചത് സഹോദരിയാണ്. ഐസ്‌ക്രീമിന്റെ ചിത്രങ്ങൾ പതിനാറുകാരി തന്റെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ‘കളർഫുൾ ലെെഫ്’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ സഹോദരൻ ഉണ്ടാക്കിയ ഐസ്‌ക്രീമിന്റെ ചിത്രം സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തതെന്ന് പൊലീസ് പറയുന്നു.

ആൽബിനു നിരവധി സ്‌ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. വീട്ടിലെ സ്വത്തെല്ലാം വിറ്റ് എവിടെയെങ്കിലും പോയി ജീവിക്കാനാണ് ആൽബിൻ വിചാരിച്ചിരുന്നതെന്നും തനിക്കു ഇഷ്‌ടമുള്ള പോലെ ജീവിക്കാൻ വീട്ടുകാർ വിലങ്ങുതടിയാകുമെന്ന് ആൽബിൻ കരുതിയിരുന്നതായും പൊലീസ് പറയുന്നു.

Web Title: Kasargod 16 year old girl murder case police investigation

Next Story
ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം: രാജിവയ്ക്കുന്നുവെന്ന് കെ ആർ മീര; തുടരാൻ അഭ്യർത്ഥിച്ച് എംജി സര്‍വ്വകലാശാലKR Meera
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express