കാസർഗോഡ്: സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തിയായ കാസർഗോഡ് ജില്ലയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും മോഷ്ടാക്കൾ തമ്പടിച്ചതായി സന്ദേശം പരക്കുന്നു. രാജസ്ഥാൻ, മുംബൈ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് മോഷ്ടാക്കളുടെ വൻ സംഘങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചതായാണ് സന്ദേശം. രണ്ടു മാസത്തിനിടെ ജില്ലയിൽ രണ്ടിടത്ത് നടന്ന രണ്ട് കൊലപാതക കേസുകൾ ഭീതി വർദ്ധിപ്പിക്കാൻ കാരണമായി.

എന്നാൽ ഇത്തരത്തിൽ പരക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കുകയാണ് ജില്ല പൊലീസ് മേധാവി കെജി സൈമൺ. “ഒരു അടിസ്ഥാനവുമില്ല ഇത്തരത്തിലൊരു വാർത്തയ്ക്ക്. വെറുതെ ആളുകൾ ഓരോന്ന് പറഞ്ഞുണ്ടാക്കുകയാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. നാളെ തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകും”, അദ്ദേഹം ഐഇ മലയാളത്തോട് വ്യക്തമാക്കി.

ഡിസംബർ 13 ന് ചീമേനിയിലും കഴിഞ്ഞ ദിവസം പെരിയയിലും നടന്ന കൊലപാതകങ്ങളാണ് ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയത്. രണ്ട് സംഭവങ്ങളിലും സ്വർണ്ണവും പണവും അപഹരിക്കപ്പെട്ടിട്ടുണ്ട്. ചീമേനിയിൽ നടന്ന കൊലപാതകവുമായ ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് ആസാം സ്വദേശികൾ ഇവിടെ വിട്ടുപോയത് പൊലീസിന് സംശയം ഉണ്ടാക്കിയിരുന്നു.

ചീമേനിയിലെ പുലയന്നൂരിൽ റിട്ട അദ്ധ്യാപികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആസാം സ്വദേശികളാണ് പൊലീസിന്റെ സംശയത്തിന്റെ നിഴലിൽ ഉളളത്. ഇവർ കൊലപാതകം നടന്നതിന് ശേഷം ചീമേനി വിട്ടതായും ഇപ്പോൾ ഹൈദരാബാദിൽ ആണുളളതെന്നും കണ്ടെത്തി. ഇവരെ കാസർഗോട്ടെത്തിക്കാൻ പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.

“പെരിയ കൊലപാതകം മാത്രമല്ല, ചീമേനിയിലെ കൊലപാതകവും ഉണ്ടല്ലോ. രണ്ട് സംഭവത്തിലും മോഷണം നടന്നിട്ടുണ്ട്. ചീമേനി സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പങ്ക് സംശയിക്കുന്നുണ്ട്. പിന്നെ സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശമാണ്. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലവുമാണ് ഇത്”, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി കെ.ദാമോദരൻ പറഞ്ഞു.

അതേസമയം ജില്ലയിൽ ഒരിടത്തും പൊലീസിന് അറിവില്ലാത്ത ആരും തമ്പടിച്ചിട്ടില്ലെന്ന് എസ് പി വ്യക്തമാക്കി. “എല്ലാവരെ കുറിച്ചും പൊലീസിന് കൃത്യമായ കണക്കുണ്ട്. പ്രാദേശിക തലത്തിൽ രാത്രിയിൽ പട്രോളിംഗ് സജീവമാക്കിയിട്ടുണ്ട്. ഒരാളെ പോലും രാത്രിയിൽ റോഡിലൊന്നും ഇതുവരെ കണ്ടിട്ടില്ല. ആളുകൾ ആരെങ്കിലും പറയുന്ന എന്തെങ്കിലും കാര്യം കേട്ട് ഭയക്കരുത്. അങ്ങിനെയൊന്നും ഇവിടെയില്ല”, ജില്ല പൊലീസ് സൂപ്രണ്ട് കെജി സൈമൺ പറഞ്ഞു.

സാധാരണയായി നടക്കുന്ന മോഷണം മാത്രമാണ് നടന്നിട്ടുളളത്. പെരിയ ബസാറിനടുത്ത് ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുബൈദ കൊല്ലപ്പെട്ട സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെയല്ല, മറിച്ച് സ്ഥലം നന്നായി അറിയാവുന്ന നാട്ടുകാരിൽ തന്നെ ആരോ ആണ് കൊലയ്ക്ക് പിന്നിലെന്ന സംശയമാണ് പൊലീസിന് ഉളളതെന്നും കെജി സൈമൺ പറഞ്ഞു.

കാസർഗോഡ് ജില്ലയിലെ ബേക്കൽ, ഉദുമ, കീഴൂർ, ചെമ്പിരിക്ക, ബദിയഡുക്ക, ബന്തടുക്ക, ചെടേക്കൽ, മാണി എന്നിവിടങ്ങളിൽ മോഷ്ടാക്കൾ തമ്പടിച്ചെന്ന സന്ദേശമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള 50 അംഗ കൊള്ള സംഘം ആണ് ഇവരെന്നും, ഹിന്ദിയാണ് സംസാരിക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു.

ഒറ്റയ്ക്ക് താമസിക്കുന്നവരും പകൽ സമയത്ത് വീട്ടിൽ തനിച്ചിരിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് സന്ദേശത്തിൽ പറഞ്ഞത്. രണ്ട് മാസത്തിനിടെ ജില്ലയെ നടുക്കിയ രണ്ട് കൊലപാതകത്തിന് പിന്നാലെ നാടിനെ ഒന്നാകെ ഭീതിയിലാഴ്ത്തി സമൂഹമാധ്യമങ്ങളിൽ പടരുന്ന സന്ദേശവും പൊലീസിന് തലവേദനയായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ