/indian-express-malayalam/media/media_files/uploads/2018/11/rape.jpg)
പ്രതീകാത്മക ചിത്രം
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കാസർകോട് പടന്നക്കാട് ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ച ശേഷം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരമുള്ള വ്യക്തിയാണ് പ്രതിയെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ മൊഴി, അന്വേഷണത്തിന് നിർണായകമാകുമെന്നും, എത്രയും പെട്ടന്ന് പ്രതിയെ കണ്ടെത്താനാകുമെന്നുമാണ് പൊലീസിന്റെ പ്രതീക്ഷ.
കുട്ടിയേയും കുടുംബത്തേയും അറിയാവുന്നായാളാകാം പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിസരത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങളും മൊബൈൽ സിഗ്നലുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി.
കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിട്ടു. ആഭരണങ്ങൾ കവർന്നശേഷം വീടിന് 500 മീറ്റർ അകലെയായി പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെത്തി കുട്ടി വിവരം പറഞ്ഞതോടെ, അയൽവാസികളാണ് കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും, വീട്ടിലേക്ക് നടന്നുപൊകാനും പ്രതി പറഞ്ഞതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്.
എഡിറ്ററുടെ കുറിപ്പ്:
സുപ്രീം കോടതി ഉത്തരവിന് അനുസരിച്ച്, ബലാത്സംഗം /ലൈംഗികാതിക്രമം എന്നിവയക്ക് ഇരയായ വ്യക്തിയെയോ ബാലനീതി നിയമത്തിന്റെ പരിധിയിൽ വരുന്ന കുട്ടിയെയോ തിരിച്ചറിയുന്നതോ അതിലേക്കു നയിക്കുന്നതോ ആയ ഒരു വിവരവും പരസ്യമാക്കാനോ വെളിപ്പെടുത്താനോ പാടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.