scorecardresearch

പാർവ്വതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക് ജോലി വാഗ്‌ദാനവുമായി നിര്‍മ്മാതാവ്

അതേസമയം വിഷയത്തില്‍ നിലപാടറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി

പാർവ്വതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക് ജോലി വാഗ്‌ദാനവുമായി നിര്‍മ്മാതാവ്

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാർവ്വതിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്ക് ജോലി വാഗ്‌ദാനം ചെയ്ത് കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്.

ഓസ്‌ട്രേലിയയിലോ ദുബായിലോ, യുകെയിലോ പ്രിന്റോയ്ക്ക് തന്റെ മരണം വരെ ജോലി വാഗ്‌ദാനം ചെയ്യുന്നതായി ജോബി ജോര്‍ജിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.

പാർവ്വതിയോടുള്ള വിരോധം ജോബി ജോര്‍ജ് പരസ്യപ്പെടുത്തുന്നത് ഇതാദ്യമായല്ല. ഇതേവിഷയത്തില്‍ പാർവ്വതിയെയും ഗീതു മോഹന്‍ദാസിനെയും ‘ആന്റി’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ജോബി പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ചകള്‍ക്ക് ഇടവച്ചിരുന്നു.

‘ഗീതു ആന്റിയും പാർവ്വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബർത്ത്ഡേ തീയതി പറയാമെങ്കില്‍ എന്റെ ബർത്ത്ഡേ സമ്മാനമായി പ്രദർശിപ്പിക്കുന്നതായിരിക്കും’ എന്നായിരുന്നു അന്ന് ജോബി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്തിയെന്ന പാർവ്വതിയുടെ പരാതിയിലാണ് പെയിന്റിങ് പണിക്കാരനായ വടക്കാഞ്ചേരി സ്വദേശി സി.എല്‍.പ്രിന്റോ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗമായ പ്രിന്റോ നടിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുണ്ടായി.

അതേസമയം, പാർവ്വതിയുടെ പരാതിയില്‍ ഒരാള്‍ കൂടി ഇന്ന് പിടിയിലായി. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്. പാർവ്വതിയെ ബലാൽസംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി.

ഭീഷണിപ്പെടുത്തിയവരുടെ പേരുകളും സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സഹിതമാണ് പാർവ്വതി പരാതി നല്‍കിയിരിക്കുന്നത്. അതേസമയം വിഷയത്തില്‍ നിലപാടറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ വലുതാണ് അഭിപ്രായ സ്വാതന്ത്ര്യവും. തനിക്കുവേണ്ടി പ്രതികരിക്കാനും പ്രതിരോധിക്കാനും ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kasaba producer joby george offers job for printo who got arrested in actress parvathys complaint