കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ – എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റ് (ഇ ഡി) അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. 300 കോടിയുടെ ക്രമക്കേടിൽ പൊലീസ് അന്വേഷണം ശരിയായ രീതിയില്ല നടക്കുന്നതെന്നും ഭരണകക്ഷിയുടെ സമ്മർദം മൂലം പൊലിസ് അന്വേഷണം എങ്ങുമെത്തുന്നില്ലെന്നുമാണ് ഹർജിയിലെ ആരോപണം.
തൃശൂർ പൊറത്തുശേരി സ്വദേശി എം.വി. സുരേഷാണ് ഹർജിക്കാരൻ. അഞ്ച് വർഷമായി തട്ടിപ്പ് തുടർന്നിട്ടും സർക്കാർ തലത്തിൽ ഒരു നടപടിയും ഉണ്ടായില്ലന്നു മാത്രമല്ല പൊലിസിൽ പരാതിയുമെത്തിയില്ലെന്ന് ഹർജിയിൽ പറയുന്നു.
സാധാരണക്കാരായ നിക്ഷേപകരുടെ പണം ഭരണ സമിതി അംഗങ്ങളും ബാങ്കു ദ്യോഗസ്ഥരും അനധികൃത കച്ചവടത്തിനും ദേശവിരുദ്ധ പ്രവർത്തനത്തിനും ഉപയോഗിച്ചതായി സംശയമുണ്ടന്നും ഹർജിയിൽ പറയുന്നു. ഇതു വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട് വിളിച്ചു വരുത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
Read More: മദ്യവിൽപ്പനശാലകളുടെ സമീപത്തുകൂടി സ്ത്രീകൾക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത സാഹചര്യം: ഹൈക്കോടതി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരശേഖരണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യും. ബാങ്ക് ജീവനക്കാരും പ്രസിഡന്റും അടക്കമുളളവരെ ഇഡി കേസിൽ പ്രതി ചേർത്തേക്കും.
കരുവന്നൂർ ബാങ്കിൽ നടന്നത് 104.37 കോടിയുടെ ക്രമക്കേടാണെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ നിയമസഭയെ അറിയിച്ചിരുന്നു. തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്ക് വിഷയം സഭയിൽ പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് മന്ത്രി വിശദീകരണം നൽകിയത്. തട്ടിപ്പിൽ പങ്കുള്ള ഏഴ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തുവെന്നും മന്ത്രി ജൂലൈ 23ന് സഭയെ അറിയിച്ചിരുന്നു.
Read More: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി അന്വേഷണം; 104 കോടിയുടെ ക്രമക്കേടെന്ന് മന്ത്രി വാസവൻ
വായ്‌പ നൽകിയ വസ്തുക്കളിൽ തന്നെ വീണ്ടും വായ്‌പ നൽകിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്. ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവയെല്ലാം തട്ടിപ്പിന്റെ ഭാഗമായിരുന്നു.
2019 2019-ൽ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നത്.