scorecardresearch

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്കും ബാങ്കിനും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നത് ബാധിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

Karuvannur bank loan scam case, Karuvannur bank loan scam case arrest, Karuvannur bank loan scam case crime branch, Karuvannur bank loan fraud case, kerala government on Karuvannur bank loan fraud case, Kerala high court, plea for CBI probe Karuvannur bank loan fraud case, Karuvannur bank loan fraud case crimbranch case, Karuvannur bank loan fraud CPM, indian express malayalam, ie malayalam

കൊച്ചി: കരുവന്നൂര്‍ ബാങ്ക് വായ്പാതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും തിരിമറി നടത്തിയ പണം പ്രതികള്‍ ഭൂമി കച്ചവടത്തിനോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിച്ചതിനു തെളിവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ബാങ്കില്‍ 300 കോടിയുടെ തട്ടിപ്പ് നടന്നെന്നും പരാതിയോ നടപടിയോ ഇല്ലെന്നും സിബി ഐയോ എന്‍ഫോഴ്‌സ്‌മെന്റോ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരന്‍ എംവി സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.

രണ്ടു ദിശകളിലാണ് അന്വേഷണം നടക്കുന്നതെന്നു സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഏതൊക്കെ ഉദ്യോഗസ്ഥരാണ് ക്രമക്കേട് നടത്തിയതെന്നും തട്ടിപ്പില്‍ അവരുടെ പങ്കെന്താണന്നും അന്വേഷിക്കുന്നുണ്ട്. എത്ര പണം തിരിച്ചറി നടത്തിയെന്നും അത് എന്താവശ്യത്തിന് ഉപയോഗിച്ചെന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണം പ്രഥമ വിവര റിപ്പോര്‍ട്ടില്‍ മാത്രമായി ഒതുങ്ങില്ല. ബാങ്കുമായി ബന്ധപ്പെട്ട് സംശയമുള്ളവരിലേക്കും നീളും.

പ്രതികള്‍ക്കും ബാങ്കിനും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നത് അന്വേഷണ ഏജന്‍സി മാറാന്‍ കാരണമല്ല. ഈ ബന്ധം അന്വേഷണത്തെ ബാധിക്കില്ല. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ല. പ്രതികള്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നുണ്ട്.

Also Read: തോന്നക്കലില്‍ വാക്‌സിന്‍ ഉല്‍പ്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം; പ്രത്യേക പാക്കേജ്

സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് അധികാരമുണ്ട്. പ്രാഥമിക അന്വേഷണം നടക്കുമ്പോള്‍ തന്നെ സിബിഐ അന്വേഷണം വേണമെന്നതിനു മതിയായ കാരണങ്ങള്‍ ഹര്‍ജിക്കാരന്‍ പറയുന്നില്ല. കേസന്വേഷിക്കുന്ന പ്രത്യേക സംഘം പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതായോ ഉദ്യോഗസ്ഥര്‍ കളങ്കിതരാണന്നോ പരാതിയില്ല. അന്വേഷണ സംഘം പ്രാപ്തരല്ലെന്ന പരാതി മാത്രമാണുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

വായ്പയുടെ മറവില്‍ മതിയായ ഈടില്ലാതെ മറ്റുള്ളവരുടെ പേരില്‍ അവരറിയാതെ വന്‍ തുകയുടെ തിരിമറിയാണ് നടന്നിട്ടുള്ളത്. തട്ടിപ്പുകളെല്ലാം സമാന രീതിയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി രേഖകള്‍ പരിശോധിച്ചു. വ്യാജ അപേക്ഷകളും രേഖകളും പിടിച്ചെടുത്തു. വായ്പയെടുത്തവര്‍, ബെനാമികള്‍, നിക്ഷേപകര്‍, ഓഹരി ഉടമകള്‍, സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേരെ ചോദ്യം ചെയ്തു. വ്യാജരേഖകളും ഡിജിറ്റല്‍ തെളിവുകളും ഫൊറന്‍സിക് പരിശോധനക്കയച്ചു. സംശയമുള്ള അക്കൗണ്ടുകള്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. ഈട് നല്‍കിയ വസ്തുക്കളുടെ യഥാര്‍ത്ഥ വിപണിവില തിട്ടപ്പെടുത്തുന്നുണ്ട്.

279 വായ്പകള്‍ ക്രമരഹിതമായി അനുവദിച്ചതായാണ് സഹകരണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. വ്യാജ അംഗത്വത്തിന്റെ മറവിലാണു തിരിമറി നടന്നത്. വായ്പയെടുത്തവരുടെയും ജാമ്യക്കാരുടെയും ബാധ്യതാ ലെഡ്ജര്‍ ബാങ്ക് സൂക്ഷിക്കുന്നില്ല. 2016-2021 കാലയളവിലെ ഡയറക്ടര്‍മാര്‍ സഹകരണ വകുപ്പിന്റെ ഉത്തരവ് മറികടന്ന് വായ്പ അനുവദിച്ചിട്ടുണ്ട്. നിലം ഈടായി സ്വീകരിച്ച് ആറരക്കോടി അനുവദിച്ചു.

Also Read: നിപ: സമ്പർക്ക പട്ടികയിലുള്ള 16 പേർ കൂടി നെഗറ്റീവ്; ആകെ 46 പേരുടെ ഫലങ്ങള്‍ നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി

ഒന്നും രണ്ടും പ്രതികളാണ് വായ്പാ രേഖകള്‍ പരിശോധിച്ചത്. ബാങ്ക് ഡയറക്ടര്‍മാരും പ്രതികളും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരും. പ്രതികള്‍ പദവി ദുരുപയോഗം ചെയ്ത് ബാങ്കിനു നഷ്ടമുണ്ടാക്കിയിട്ടുണ്ട്.

ഹര്‍ജിക്കാരന്‍ സത്യസന്ധനല്ലെന്നും ഉത്തമ വിശ്വാസത്തോടെയല്ല കോടതിയെ സമീപിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇയാള്‍ക്കെതിരെ രണ്ടു പരാതികളുണ്ട്. ബാങ്കില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതിനു പുറത്താക്കപ്പെട്ടയാളാണ് ഹര്‍ജിക്കാന്‍. ജീവനക്കാരിയാട് മോശമായി പെരുമാറിയതിനും കേസുണ്ട്.

കേസന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ഏജന്‍സിയെ മാറ്റുന്നത് പൊലീസിന്റെ മനോവീര്യം തകര്‍ക്കും. അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ ഹര്‍ജിക്കാരന് ഉചിതമായ സമയത്ത് കോടതിയെ സമീപിക്കാമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Karuvannur bank loan fraud case government oppses plea for cbi probe