തിരുവനന്തപുരം: കാരുണ്യ പദ്ധതിയില്‍ നിലവിലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങില്ലെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇതിനായി സര്‍ക്കാര്‍ ഇന്നോ നാളെയോ ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. കാരുണ്യ ആനുകൂല്യം കിട്ടിയിരുന്നവര്‍ക്ക് അതാത് ആശുപത്രികളില്‍ ഈ വര്‍ഷം ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികിത്സ നല്‍കാതിരിക്കരുത്. ആശുപത്രികള്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. പണം സര്‍ക്കാര്‍ വൈകാതെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. നിരവധി നിര്‍ധനരായ മനുഷ്യരാണ് ഈ പദ്ധതി നിര്‍ത്തലാക്കിയതോടെ ദുരിതത്തിലായത്. കാരുണ്യ പദ്ധതി നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഓഗസ്റ്റ് ഒന്നിനാണ് കേന്ദ്ര പദ്ധതി നിലവില്‍ വരിക. എന്നാല്‍, അതിനു മുന്‍പേ കാരുണ്യ നിര്‍ത്തലാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.

കാരുണ്യ പദ്ധതി, കൂടുതൽ ആകർഷകവും പ്രയോജനപ്രദവുമാക്കി കൂടുതൽ പേരിലേയ്ക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് ധനമന്ത്രി തോമസ് ഐസക് നൽകിയ വിശദീകരണം. രാഷ്ട്രീയ ദുഷ്ടലാക്കോടെ വിഷയത്തിൽ വ്യാജപ്രചരണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരാൾക്ക് ജീവിതകാലത്ത് ഒരിക്കൽ മാത്രം പരമാവധി മൂന്നു ലക്ഷം രൂപ വരെ ലഭിച്ചിരുന്ന ചികിത്സാസഹായം, ഓരോ വർഷവും അഞ്ചു ലക്ഷം രൂപ വരെ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയാക്കി വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യം ബജറ്റ് പ്രസംഗത്തിലും വ്യക്തമാക്കുകയും ഇക്കഴിഞ്ഞ സമ്മേളനത്തിൽ നിയമസഭയ്ക്ക് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്ന് തോമസ് ഐസക് പറഞ്ഞു.

ഇക്കാര്യത്തിൽ നിയമസഭയ്ക്കു നൽകിയ ഉറപ്പ് ഉടൻ തന്നെ സർക്കാർ ഉത്തരവായി പുറത്തിറങ്ങും. ഏത് അക്രെഡിറ്റഡ് ആശുപത്രിയിൽ ചെല്ലുന്ന രോഗിയ്ക്കും ഒരു കാരണം കൊണ്ടും ചികിത്സ നിഷേധിക്കപ്പെടില്ല. ഏതെങ്കിലും രോഗിയ്ക്ക് കൂടുതൽ പണം ചെലവാകുന്നുണ്ടെങ്കിൽ, അതെങ്ങനെ നൽകാനാകും എന്ന കാര്യവും ചർച്ച ചെയ്യും. ഇക്കാര്യങ്ങളിലൊന്നും സർക്കാർ ആശുപത്രികൾ ഒരു വീഴ്ചയും വരുത്താൻ പാടില്ല. മെഡിക്കൽ കോളജുകൾ, ജില്ലാ, താലൂക്ക് ആശുപത്രികൾ എന്നിവർക്ക് ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

 

 

 

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.