Karunya Lottery KR 431 Winner: ഒരു ഭാഗ്യപരീക്ഷണം പോലെ വർഷങ്ങളായി ലോട്ടറിയെടുക്കുന്ന ആളാണ് ബംഗാള്‍ ഉത്തര്‍ ദിനജ്‌പുര്‍ പഞ്ചബയ്യ സ്വദേശി തജ്‌മുൽ ഹഖ്. എന്നാൽ, അപ്രതീക്ഷിതമായി ഭാഗ്യദേവത കനിഞ്ഞപ്പോൾ തജ്‌മുൽ ആദ്യമൊന്ന് അമ്പരക്കുകയാണ് ചെയ്തത്. കേരള സംസ്ഥാന കാരുണ്യ ഭാഗ്യക്കുറിയിലൂടെ ഒരൊറ്റ പകൽ കൊണ്ട് കോടീശ്വരനായി മാറിയിരിക്കുകയാണ് 34 വയസുകാരനായ തജ്‌മുൽ.

ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് തജ്‌മുൽ എടുത്ത ടിക്കറ്റിനാണ്. കാരുണ്യയുടെ കെആര്‍ 431 സീരിസിലെ കെഒ 828847 നമ്പര്‍ ടിക്കറ്റാണ് തജ്‌മുലിനെ സമ്മാനാർഹനാക്കിയത്. ലോട്ടറി അടിച്ചെന്ന് അറിഞ്ഞ ഉടനെ തജ്‌മുൽ സുഹൃത്തിനെയും കൂട്ടി നേരെ നല്ലളം പൊലീസ് സ്റ്റേഷനില്‍ എത്തി.

നല്ലളം എസ് ഐ കെ. രഘുകുമാറും സംഘവും ടിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തുകയും പൊലീസുകാർ തജ്‌മുലിനെയും കൊണ്ട് മാവൂര്‍ റോഡിലെ സിന്‍ഡിക്കേറ്റ് ബാങ്കിലെത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏല്‍പ്പിക്കുകയുമായിരുന്നു. എന്തായാലും ഭാഗ്യദേവത കനിഞ്ഞ സന്തോഷത്തിലാണ് തജ്‌മുലും കുടുംബവും. നിര്‍മ്മാണ തൊഴിലാളിയായ തജ്‌മുലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. 10 വര്‍ഷമായി മാത്തോട്ടത്ത് വാടകയ്ക്ക് താമസിക്കുകയാണ് തജ്മുലും കുടുംബവും.

Read more: Karunya Lottery KR 431 Result: കാരുണ്യ KR 431 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ ടിക്കറ്റിന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook