ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ സിപിഎം ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ എ ഷാനവാസിന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ് റിപ്പോര്‍ട്ട്. ലഹരി ഇടപാടില്‍ ഷാനവാസിന് ബന്ധമുണ്ടെന്നത് തെളിവില്ലെന്നാണ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. ലഹരി വസ്തുക്കള്‍ കടത്തിയ വാഹനം വാടകക്കെടുത്ത ജയനും കേസില്‍ പ്രതിയല്ല. ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഷാനവാസ് സ്വകാര്യ കേബിള്‍ കമ്പനി കരാറുകാരനെന്ന നിലയില്‍ നല്ല വരുമാനമുള്ളയാളാണ്. അനധികൃതമായി സമ്പാദ്യമുണ്ടാക്കിയതായി വിവരമില്ല. ലഹരിവസ്തുക്കേസുകളില്‍ ഇടപെടുന്നതായും അറിവില്ല. ഇക്കാര്യങ്ങളാണ് ആലപ്പുഴ സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി. നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.
സിപിഎം കൗണ്‍സിലറായ ഷാനവാസിന്റെ വാഹനത്തിലാണ് ഒന്നരക്കോടി രൂപയുടെ ലഹരിവസ്തുക്കള്‍ കടത്തിയത്. കരുനാഗപ്പള്ളിയില്‍ വച്ചാണ് രണ്ട് ലോറികളിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു വാഹനത്തിന്റെ ഉടമ സി.പി.എം ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്റര്‍ അംഗവും നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ എ ഷാനവാസാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇടുക്കി സ്വദേശിയായ പുത്തന്‍ പുരയ്ക്കല്‍ ജയന്‍ എന്നയാള്‍ക്ക് താന്‍ വാഹനം വാടകയ്ക്ക് നല്‍കിയതാണെന്നും ലഹരി കടത്തില്‍ തനിക്ക് പങ്കില്ലെന്നുമായിരുന്നു ഷാനവാസ് നല്‍കിയ വിശദീകരണം.
കേസില്‍ ഷാനവാസിന്റെ വാഹനം വാടകയ്ക്കെടുത്ത ഇടുക്കി സ്വദേശി ജയനെ ഇതുവരെ കണ്ടെത്താനായില്ലെന്ന് കരുനാഗപ്പള്ളി പൊലീസ് വ്യക്തമാക്കി. ജയനെത്തേടി ഇടുക്കിയിലെ വീട്ടിലന്വേഷണം നടത്തിയിരുന്നു. കരുനാഗപ്പള്ളിയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഷാനവാസിനെയും വാഹനം വാടകയ്ക്കെടുത്ത ജയനെയും പ്രതികളാക്കിയിട്ടില്ലെന്ന് കൊല്ലം എസിപി പ്രദീപും അറിയിച്ചു. കേസില്‍ സിപിഎം അംഗമായിരുന്ന ഇജാസ് അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.