കൊച്ചി: കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍. പരിപാടി സാമ്പത്തികമായി പരാജയമായിരുന്നുവെന്ന് ഫൗണ്ടേഷന്‍ നേതൃത്വം അറിയിച്ചു. ഫൗണ്ടേഷന്‍ ഫെയ്‌സ്‌ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്ത  വീഡിയോയിലാണ് വിശദീകരണം. ബിജിബാൽ, ആഷിഖ് അബു, ഷഹബാസ് അമൻ, സിത്താര, ശ്യാം പുഷ്‌കരൻ, മധു സി.നാരായണൻ, കെ.എം. കമൽ എന്നിവരാണ് വീഡിയോയിൽ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയത്. കണക്കുകളെല്ലാം ഡോക്യുമെന്റായി  ഫെയ്‌സ്‌ബുക്ക് പേജിൽ നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ വിശദീകരിച്ചു.

ടിക്കറ്റ് വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, സാമ്പത്തികമായി പരിപാടി പരാജയപ്പെട്ടു. വേണ്ടത്ര തുക ടിക്കറ്റ് വിറ്റ ഇനത്തിൽ ലഭിച്ചില്ല. എങ്കിലും മാനസികമായി സംഗീതജ്ഞരായ എല്ലാവർക്കും നല്ലൊരു അനുഭവമായിരുന്നു സംഗീതനിശയെന്ന് ബിജിബാൽ പറയുന്നു. പ്രതിഫലം വാങ്ങാതെയാണ് എല്ലാ സംഗീതജ്ഞരും പാടാൻ എത്തിയതെന്നും ബിജിബാൽ പറഞ്ഞു.

Read Also: Explained: വിവാദത്തിൽ ശ്രുതി തെറ്റിയ ‘കരുണ’ സംഗീതനിശ; വസ്‌തുതയെന്ത്?

ബുക്ക് മെെ ഷോ അടക്കമുള്ള ഓൺലെെൻ പ്ലാറ്റ്‌ഫോമുകളിലൂടെ 908 ടിക്കറ്റുകളാണ് ആകെ വിറ്റത്. 500, 1500, 2500, 5000 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. പരിപാടി നടന്ന ദിവസം വെെകിട്ട് 39,000 രൂപയുടെ ടിക്കറ്റ് മാത്രമാണ് കൗണ്ടറിലൂടെ വിറ്റത്. ഓൺലെെൻ ടിക്കറ്റ് വിൽപ്പനയിൽ ലഭിച്ചത് 7,35,500 രൂപയാണ്. ടിക്കറ്റ് വിറ്റുകിട്ടിയ ആകെ തുക 7,74,500 രൂപയാണ്. ജിഎസ്‌ടി, പ്രളയ സെസ് തുടങ്ങിയവയെല്ലാം കുറച്ച് 6,21,936 രൂപയാണ് ടിക്കറ്റ് വിറ്റുലഭിച്ചത്. ഇത് റൗണ്ട് ചെയ്‌താണ് 6,22,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറിയതെന്നും ബിജിബാൽ പറഞ്ഞു.

മൂവായിരത്തിലേറെ ടിക്കറ്റുകൾ ഫ്രീ പാസായി നൽകിയെന്നും സംഘാടകർ പറയുന്നു. എംപിയുടെ ഓഫീസുകളിലേക്കും മറ്റുള്ള സ്ഥലങ്ങളിലേക്കുമായാണ് ഫ്രീ പാസ് നൽകിയത്. ചിലർ കോംപ്ലിമെന്ററി പാസുകൾ ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. അവർക്കെല്ലാം പാസ് നൽകി.

Read Also: മകനെ കൊന്ന കേസ്: ശരണ്യ റിമാൻഡിൽ, കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിനു മറുപടി

ഏകദേശം 23 ലക്ഷം രൂപ ആകെ ചെലവായി. മാർച്ച് ഒന്നിനു മുൻപ് ടിക്കറ്റ് ഇനത്തിൽ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറാൻ തീരുമാനിച്ചിരുന്നു. തങ്ങളെ തട്ടിപ്പുകാരായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ബിജിബാൽ വീഡിയോയിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.