കൊച്ചി: കരുണ സംഗീതനിശയുടെ പേരിൽ സംഘാടകർ തട്ടിപ്പു നടത്തിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം. കൊച്ചി സിറ്റി പൊലീസാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. കരുണ സംഗീതനിശയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരടക്കം ദുരുപയോഗിച്ചു പണം തട്ടിയെന്നാണ് ആരോപണം. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ജില്ലാ കലക്ടർക്ക് നൽകിയ പരാതി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടിരിക്കുന്നത്.
പരിപാടിയുടെ രക്ഷാധികാരി എന്ന നിലയിൽ കലക്ടർ എസ്.സുഹാസിന്റെ പേര് ഉപയോഗിച്ചത് വിവാദമായിരുന്നു. തന്റെ പേര് ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കലക്ടർ പറഞ്ഞിരുന്നു. തന്റെ പേര് ഉപയോഗിച്ചതിനെതിരെ കലക്ടർ സംഗീത സംവിധായകൻ ബിജിബാലിന് നോട്ടീസ് നൽകി. സംഭവം കൂടുതൽ വിവാദങ്ങളിലേക്ക് എത്തിയതോടെയാണ് പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ എസ്.സുഹാസ് നിർദേശിച്ചത്.
Read Also: രണ്ടാമൂഴം: എം.ടി.വാസുദേവൻ നായരുടെ ഹർജിയിലെ നടപടികൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ
സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജിയണൽ സ്പോർട്സ് സെന്റർ ഭാരവാഹികളാണെന്നും താൻ ഇടപെട്ടിട്ടില്ലെന്നുമാണ് കലക്ടറുടെ നിലപാട്. രക്ഷാധികാരി എന്ന നിലയിൽ കലക്ടറുടെ പേരു വന്നത് സാങ്കേതിക പിഴവാണെന്നാണ് പരിപാടിയുടെ സംഘാടകനായ ബിജിബാൽ പറയുന്നത്. അന്വഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടാൽ വരവു ചെലവു കണക്കുകൾ നൽകുമെന്നും ബിജിബാൽ വ്യക്തമാക്കി.
വരവിനേക്കാൾ കൂടുതൽ ചെലവു വന്ന പരിപാടിയുടെ കടം വീട്ടിയ ശേഷം ടിക്കറ്റ് വരുമാനമായി കിട്ടിയ പണം ദുരിതാശ്വാസ ഫണ്ടിലേക്ക് അടക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നു ബിജിബാൽ പറഞ്ഞിരുന്നു.
‘കരുണ’ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു മറുപടിയുമായി സംവിധായകൻ ആഷിഖ് അബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല ‘കരുണ’ സംഗീതനിശയെന്ന് ആഷിഖ് അബു ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സംഗീതനിശ നടത്തിയ ശേഷം ആഷിഖ് അബു ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ആഷിഖ് അബു വിശദീകരണം നൽകിയത്.
ചെക്കിലെ ഡേറ്റ് ഫെബ്രുവരി 14 ആണ്. ആരോപണങ്ങൾ ഉയർന്നശേഷമാണ് ആഷിഖ് അബു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറിയിരിക്കുന്നത്. ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷന് തീരുമാനിച്ചതാണെന്നും അതു നൽകിയിട്ടുണ്ടെന്നും ആഷിഖ് അബു ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.