കൊച്ചി: കരുണ സംഗീത നിശ വിവാദത്തിൽ പരാതിക്കാരനായ യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ല ക്രൈംബ്രാഞ്ച് അസ്സിസ്റ്റനറ് കമ്മീഷണർ ബിജി ജോർജ്ജ് മുമ്പാകെ ഇന്ന് രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് സന്ദീപ് വാര്യരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കരുണ സംഗീതനിശ വിവാദത്തിൽ തങ്ങൾക്കെതിരെ നടക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമായ ആക്രമണമാണെന്ന് സംവിധായകൻ ആഷിഖ് അബുവും സംഗീത സംവിധായകൻ ബിജിബാലും പ്രതികരിച്ചു. കൊച്ചി മ്യൂസിക് ഫൗണ്ടേഷനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് ആഷിഖ് അബു അടക്കമുള്ളവർ കത്തയച്ചു. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് തങ്ങൾക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ ആക്രമണമാണെന്ന് പറഞ്ഞിരിക്കുന്നത്. കത്തിലെ വിശദാംശങ്ങൾ മാധ്യമങ്ങൾക്കു ലഭിച്ചു. മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുള്ളതായി സംഗീത സംവിധായകൻ ബിജിബാൽ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read More: ആക്രമണം തികച്ചും രാഷ്ട്രീയ പ്രേരിതം; ‘കരുണ’ വിവാദത്തിൽ മുഖ്യമന്ത്രിക്ക് ആഷിഖ് അബുവിന്റെ കത്ത്

ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാമെന്ന ആശയം പൊതുവായി ആദ്യമേ എടുത്തിരുന്നു. എന്നാൽ, സ്പോൺസർമാരില്ലാതെ നടത്തിയ പരിപാടിയിൽ നിന്ന് മുതൽമുടക്കിയ പണം കണ്ടെത്താൻ ഫൗണ്ടേഷന് കഴിഞ്ഞില്ല. എന്നാൽ വിഡിയോ കണ്ടന്റ് ടെലികാസ്റ്റ് റൈറ്റ്സ് പോലുള്ള വരുമാന മാർഗങ്ങളിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് അടക്കേണ്ട പണമടക്കം ഫൗണ്ടേഷന്റെ മുതൽമുടക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടപടികളും പുരോഗമിക്കവേ തികച്ചും രാഷ്ട്രീയ പ്രേരിതമായി ആക്രമണം പൊട്ടിപ്പുറപ്പെടുകയായിരുന്നെന്ന് കത്തിൽ പറയുന്നു.

ട്രസ്റ്റ് ആയി റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന മ്യൂസിക് ഫൗണ്ടേഷന് ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ പണമടക്കാനുള്ള നിയമപരമായ സമയം ഉണ്ടായിരുന്നു. എന്നാൽ, വിവാദങ്ങൾക്കു അവസരമുണ്ടാക്കാതെ ഫൗണ്ടേഷൻ ഇപ്പോൾ പണമടച്ചു. ഫൗണ്ടേഷൻ അംഗങ്ങൾ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത് മുതൽ ചില കേന്ദ്രങ്ങളിൽ നിന്ന് ഫൗണ്ടേഷൻ അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്ന നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

പിന്നീട് അതൊരു വലിയ ആക്രമണമായി മാറുകയും, കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ദുരിതാശ്വാസ ഫണ്ട് അഴിമതി നടത്തിയെന്നും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്ന നിലയിലുമുള്ള യുക്തിരഹിതമായ ആരോപണങ്ങൾ ജനപ്രതിനിധികൾ അടക്കം ഉന്നയിക്കുകയും ചെയ്തു. ജനപ്രതിനിധികളടക്കം ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ കരുണ എന്ന കോൺസെർട്ടിൽ നടന്ന പണമിടപാടുകളെപ്പറ്റി ഔദ്യോഗികമായ അന്വേഷണം എത്രയും വേഗം പ്രഖ്യാപിക്കണമെന്നും നിജസ്ഥിതി ജനങ്ങളേയും മാധ്യമങ്ങളേയും അറിയിക്കണമെന്നും സംഘടനാ നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.