ന്യൂഡല്‍ഹി: വനിതാദിനത്തില്‍ മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി തൊണ്ണൂട്ടിയെട്ടുകാരി കാര്‍ത്യായനി അമ്മ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണു കാര്‍ത്യായനി അമ്മ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകളെ ആദരിച്ചത്.

ആലപ്പുഴ ചേപ്പാട് സ്വദേശിനിയായ കാര്‍ത്യായനി അമ്മ പ്രായത്തെ തോല്‍പ്പിച്ച് 2018 ഓഗസ്റ്റില്‍ നടന്ന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഉന്നതവിജയം നേടിയാണു ശ്രദ്ധേയയായത്. 97-ാം വയസില്‍ 98 ശതമാനം മാര്‍ക്കോടെയാണു കാര്‍ത്യായനി അമ്മ വിജയിച്ചത്. നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്കു സന്തോഷത്തോടെ കടന്നുവന്ന കാര്‍ത്യായനി അമ്മയെ സദസ് എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് എതിരേറ്റത്. കാര്‍ത്യായനി അമ്മയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദരിച്ചു.

സാക്ഷരതാ മിഷന്റെ ആദ്യഘട്ട തുല്യതാ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയാണ് കാര്‍ത്യായനി അമ്മ വാര്‍ത്തകളില്‍ നിറഞ്ഞത്. മകള്‍ അമ്മിണി അമ്മയുടെ പത്താം തരം പഠിത്തം കഴിഞ്ഞാണു കാര്‍ത്യായനി അമ്മ പഠിച്ചു തുടങ്ങുന്നത്. തലയിണയുടെ കീഴില്‍നിന്നു പുസ്തകം മാറ്റാന്‍ സമ്മതിക്കില്ല. എന്നും ഒരു മണിക്കൂര്‍ ക്ലാസ്. സ്വന്തമായുള്ള പഠിത്തം വേറെ… ഇങ്ങനെയായിരുന്നു കാര്‍ത്യായനി അമ്മയുടെ തുല്യതാ പരീക്ഷാ പഠനം. എഴുത്താശാന്റെ മകളായി പിറന്നിട്ടും കാര്‍ത്യായനി അമ്മയ്ക്കു പഠിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

വനിതകള്‍ക്കു നല്‍കുന്ന രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയാണു നാരീശക്തി പുരസ്‌കാരം. ഇതേ പുരസ്‌കാരത്തിനു കൊല്ലം സ്വദേശിനി ഭാഗീരഥി അമ്മയും അര്‍ഹയായിരുന്നു. എന്നാല്‍ ശാരീരികപ്രശ്‌നങ്ങളാല്‍ അവര്‍ക്കു പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലെത്താനായില്ല. 105-ാം വയസില്‍ കഴിഞ്ഞവർഷം നാലാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചാണു ഭാഗീരഥി അമ്മ മലയാളത്തിന്റെ അഭിമാനമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.