/indian-express-malayalam/media/media_files/uploads/2018/11/amma.jpg)
തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ പദ്ധതിയുടെ അക്ഷരലക്ഷം പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ മിടുക്കി മുത്തശ്ശിയെ പൊന്നാട അണിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി എകെ ബാലന്‍, കവയത്രി സുഗതകുമാരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പൊന്നാടയണിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ കാര്‍ത്ത്യായനി അമ്മയെ മുഖ്യമന്ത്രി സ്വീകരിച്ച് ഇരുത്തുകയായിരുന്നു. തുടര്‍ന്ന് സുഗതകുമാരി കര്‍ത്ത്യായനി അമ്മയുമായി സംസാരിച്ചു. തനിക്ക് ഇനിയും പഠിക്കണമെന്നും പത്താം ക്ലാസ് വരെ പഠിക്കണമെന്നും അത് കഴിഞ്ഞ് കമ്പ്യൂട്ടറും പഠിക്കണമെന്നും അവര്‍ ആശ പ്രകടിപ്പിച്ചു. തുടര്‍ന്ന് സുഗതകുമാരി ആവശ്യപ്പെട്ടത് പ്രകാരം താന്‍ പഠിച്ച കവിതകളിലൊന്ന് ചൊല്ലി കൊടുത്ത കാര്‍ത്ത്യായനി അമ്മയ്ക്ക് കൂടി നിന്നവര്‍ കയ്യടിച്ചു.
ഇതിനിടെ തനിക്ക് ചായ വേണമെന്ന കാര്‍ത്ത്യായനി അമ്മ പറഞ്ഞത് കൂടി നിന്നവരെ ചിരിപ്പിച്ചു. പാല്‍ ഒഴിച്ചത് വേണോ പാല്‍ ഒഴിക്കാത്തത് വേണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പാല്‍ ഒഴിച്ചത് തന്നെ എന്ന അവരുടെ മറുപടി എല്ലാവരുടേയും മനസ് കീഴടക്കുന്നതായിരുന്നു.
Read More:അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാമത്; 96ാം വയസിൽ 98 മാർക്ക് വാങ്ങി കാർത്യായനി അമ്മ
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഒന്നാം റാങ്കിന്റെ തിളക്കവുമായി ഹരിപ്പാടുള്ള കാര്‍ത്ത്യായനിഅമ്മ ഇന്ന് സെക്രട്ടറിയേറ്റില്‍ വന്നിരുന്നു. സാക്ഷാരതാമിഷന്റെ നാലാം ക്ലാസ് തുല്യതാപരീക്ഷയില്‍ 98 മാര്‍ക്കുമായാണ് 96 വയസുള്ള കാര്‍ത്ത്യായനിഅമ്മ റാങ്ക് നേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടന്ന 'അക്ഷരലക്ഷം' പദ്ധതി ആദ്യഘട്ട പരീക്ഷയില്‍ മൊത്തം 43,330 പേരാണ് പരീക്ഷയെഴുതിയത്.
കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ത്ത്യയാനി അമ്മക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊന്നാട അണിയിച്ചു. അവരുടെ ഇനിയുള്ള ലക്ഷ്യം പത്താംക്ലാസ് പാസാകലും കമ്പ്യൂട്ടര്‍ പഠനവും. കാര്‍ത്ത്യായനി അമ്മക്കും മറ്റ് പഠിതാക്കള്‍ക്കും എല്ലാ ആശംസകളും നേരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.