ആലപ്പുഴ: പഠിക്കാന്‍ പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച കാര്‍ത്ത്യായനി അമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിങിന്റെ ഗുഡ് വില്‍ അംബാസിഡര്‍. 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ് വില്‍ അംബാസിഡറായാണ് കാര്‍ത്ത്യായിനി അമ്മ തെരഞ്ഞെടുക്കപ്പെട്ടത്.

കോമണ്‍വെല്‍ത്ത് ലേണിങ് വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യം നേരത്തെ കാര്‍ത്ത്യായിനി അമ്മയെ സന്ദര്‍ശിച്ചിരുന്നു. ഫോട്ടോയുമെടുത്ത് കോമണ്‍ വെല്‍ത്തിന്റെ ഉപഹാരവും സമര്‍പ്പിച്ചാണ് ഇദ്ദേഹം മടങ്ങിയത്. തുടര്‍ന്നാണ് ഗുഡ് വില്‍ അംബാസിഡറായി തെരഞ്ഞെടുത്തത്.

വിവിധ രാജ്യങ്ങളില്‍ പ്രായത്തെ തോല്‍പ്പിച്ചവരുടെ റാങ്ക് നേട്ടം കോമണ്‍വെല്‍ത്ത് ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കാനുളള നടപടി പുരോഗമിക്കുകയാണ്. ഇതില്‍ കാര്‍ത്ത്യായിനി അമ്മയെയും ഉള്‍പ്പെടുത്തും.

സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ റാങ്ക് നേടിയാണ് 96 കാരിയായ കാര്‍ത്ത്യായനി അമ്മ വാർത്തകളില്‍ ഇടം പിടിച്ചത്. പിന്നാലെ കാര്‍ത്ത്യായനി അമ്മയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് കാര്‍ത്ത്യായനി അമ്മയെ ആദരിക്കുകയും ചെയ്തിരുന്നു. സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷക്ക് മുന്നോടിയായുളള പരീക്ഷയാണ് അക്ഷരലക്ഷം പരീക്ഷ. ഇത് വിജയിച്ചാലാണ് പരീക്ഷ നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാന്‍ കഴിയുക.

അക്ഷരലക്ഷം പരീക്ഷയില്‍ വിജയിച്ചതിന് പുറകെ കമ്പ്യൂട്ടര്‍ പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കാര്‍ത്ത്യായനി അമ്മക്ക് വിദ്യാഭ്യാസ മന്ത്രി ലാപ്‌ടോപ്പ് സമ്മാനിച്ചിരുന്നു. കാര്‍ത്ത്യായിനി അമ്മ ഇപ്പോള്‍ നാലാംക്ലാസ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലാണ്. പത്താക്ലാസ് പരീക്ഷ പാസാകണമെന്നാണ് ആഗ്രഹമെന്ന് അവര്‍ റാങ്ക് നേട്ടത്തിന് പിന്നാലെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ ആളും കാര്‍ത്ത്യായനിയമ്മ തന്നെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.