ഹരിപ്പാട്: വിറയ്ക്കാതെ കൈകൾ ലാപ്ടോപ്പിന്റെ കീബോർഡിൽ ചലിച്ചപ്പോൾ കാർത്ത്യായനി അമ്മയുടെ മുഖത്ത് വീണ്ടും നിർവൃതിയുടെ പുഞ്ചിരി.
സാക്ഷരതാ മിഷന് പദ്ധതിയുടെ അക്ഷരലക്ഷം പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ മിടുക്കി മുത്തശ്ശിക്ക് ലാപ്ടോപ് സമ്മാനമായി നൽകി പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. നാലാം ക്ലാസ് തുല്യതാ പരീക്ഷയിൽ 97-ം വയസ്സിൽ 98 മാർക്ക് വാങ്ങി ഒന്നാം റാങ്ക് നേടിയ ആലപ്പുഴയിലെ കാർത്ത്യായനി അമ്മയ്ക്കാക്കാണ് മന്ത്രി ലാപ്ടോപ് സമ്മാനമായി നൽകിയത്.
ഇതോടെ കാർത്ത്യായനി അമ്മയുടെ ഒരു ആഗ്രഹം കൂടി സഫലമാവുകയാണ്. ഉയർന്ന മാർക്ക് വാങ്ങിയ കാർത്ത്യാനി അമ്മയെ മുഖ്യമന്ത്രി ആദരിക്കുന്ന ചടങ്ങിലാണ് കാർത്ത്യായനി അമ്മ കമ്പ്യൂട്ടർ പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. “ഇനിയും പഠിക്കണം പത്താം ക്ലാസ് വരെ പഠിക്കണം. അത് കഴിഞ്ഞ് കമ്പ്യൂട്ടറും പഠിക്കണമെന്നും” അവര്‍ ആശ പ്രകടിപ്പിച്ചിരുന്നു.
Read Also: അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാമത്; 96ാം വയസിൽ 98 മാർക്ക് വാങ്ങി കാർത്യായനി അമ്മ
25000 രൂപ വില വരുന്ന ലാപ്ടോപ്പാണ് മന്ത്രി കാർത്ത്യായനി അമ്മയ്ക്ക് സമ്മാനിച്ചത്. ഹരിപ്പാട് വഴി പോകുന്ന വഴിക്കാണ് കാർത്ത്യായനി അമ്മയുടെ വീട് അടുത്താണെന്ന് മന്ത്രി അറിയുന്നത്. കാർത്ത്യായനി അമ്മയെ അനുമോദിക്കാൻ വീട്ടിലെത്തിയ മന്ത്രി, മുഖ്യമന്ത്രിയോട് കമ്പ്യൂട്ടർ പഠിക്കണമെന്ന് പറഞ്ഞ മുത്തശ്ശിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രി അഭിനന്ദനം അറിയിച്ചതോടെ കാർത്ത്യായനി അമ്മയ്ക്കും സന്തോഷം. അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹം വിദ്യാഭ്യാസ മന്ത്രിയോടും കാർത്ത്യായനി അമ്മ അവർത്തിച്ചു. കൂടുതൽ പഠിക്കണോയെന്ന മന്ത്രിയുടെ ചോദ്യത്തിന് ആദ്യം പത്താം ക്ലാസ് കഴിയട്ടെയെന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. മറ്റെന്താണ് ആഗ്രഹം എന്ന് ചോദിച്ച മന്ത്രിയോട് ആരെങ്കിലും കമ്പ്യൂട്ടർ വാങ്ങിതന്നാൽ പഠിക്കണമെന്ന് മുത്തശ്ശി.
എങ്കിൽ ഒരു കമ്പ്യൂട്ടർ തന്നാലോ എന്ന മന്ത്രിയുടെ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം, “സന്തോഷം”. ഇതോടെ വിദ്യാഭ്യാസ മന്ത്രി കൈയ്യിൽ കരുതിയിരുന്ന ലാപ്ടോപ് മുത്തശ്ശിക്ക് സമ്മാനിക്കുകയായിരുന്നു. ലാപ് ടോപ്പ് കിട്ടിയ ഉടൻ തന്നെ കാർത്ത്യായനി അമ്മ ഇംഗ്ലീഷിൽ തന്റെ പേര് ടൈപ്പ് ചെയ്തു കാണിക്കുകയും ചെയ്തു.
നേരത്തെ കാര്‍ത്ത്യായനി അമ്മയ്ക്ക് ആശംസകളുമായി സാക്ഷരതാ മിഷന് ഗുഡ് വില്‍ അംബാസിഡര്‍ കൂടിയായ മഞ്ജു വാര്യര്‍. കാര്‍ത്ത്യായനി അമ്മ എന്ന അമ്മൂമ്മയെക്കുറിച്ചുള്ള വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് വായിച്ചതെന്നാണ് മഞ്ജു തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
Read Also: കാര്‍ത്ത്യായനി അമ്മൂമ്മ നൂറാം വയസില്‍ നൂറില്‍ നൂറ് നേടട്ടെ; ആശംസകളുമായി മഞ്ജു വാര്യര്‍