ന്യൂഡൽഹി: കാസർഗോഡ്-മംഗളൂരു ദേശീയ പാത അതിർത്തി അടച്ചിട്ട കർണാടകത്തിന്റെ നടപടി മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ കർണാടക സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് കേരളം എതിർ സത്യവാങ്മൂലം നൽകി.

കോടതി ഉത്തരവ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരും തയ്യാറാകുന്നില്ലെന്നും സത്യവാങ്മൂലത്തിൽ കേരളം ചൂണ്ടിക്കാട്ടി. കാസര്‍ഗോഡ്-മംഗളൂരു ദേശീയ പാത തുറന്നു കൊടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കർണാടകം സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വിധി സ്റ്റേ ചെയ്തിരുന്നില്ല.

Read More: ‘അതിർത്തിയിൽ’ കര്‍ണാടകത്തിന് തിരിച്ചടി; ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

ആരോഗ്യ സെക്രട്ടറിയും കേരള-കര്‍ണാടക ചീഫ് സെക്രട്ടറിമാരും സംയുക്തമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം. അവശ്യ സര്‍വീസുകളെ തടയാനാകില്ലെന്നും ഇവ കടത്തിവിടണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ കര്‍ണാടകയോട് അതിര്‍ത്തി തുറക്കണമെന്ന നിര്‍ദേശം കോടതി നല്‍കിയിരുന്നില്ല. കേരള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി നടപടി.

ഏതൊക്കെ വാഹനങ്ങള്‍ കടത്തി വിടണമെന്ന് തീരുമാനിക്കാന്‍ സമിതി ഉണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവരുടെ സമിതി രൂപീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഹര്‍ജി ഏഴാം തീയതി വീണ്ടും പരിഗണിക്കും.

കർണാടക അതിർത്തി അടച്ചതുമൂലം ചികിത്സ കിട്ടാതെ പത്ത് പേരാണ് കാസർഗോഡ് ജില്ലയിൽ മരിച്ചത്. കാസർഗോഡ് കോവിഡ് ഹോട്ട്‌സ്‌പോട്ടാണ്. കേരളത്തിലെ രോഗികളെ അവിടെത്തന്നെ ചികിത്സിക്കണം. കാസർഗോട്ടെ രോഗികളെ കർണാടകത്തിന് ചികിത്സിക്കാനാകില്ല എന്നായിരുന്നു കർണാടകത്തിന്‍റെ നിലപാട്.

ഇതിനെതിരെ കേരളം ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള ഹൈവേകൾ തടസ്സപ്പെടുത്തിയാൽ നിയമ നടപടി വരെ എടുക്കാമെന്നും കോടതി സൂചിപ്പിച്ചു. കർണാടക സർക്കാരിന് എതിരെ ഒരു ഉത്തരവും പാസ്സാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, കേന്ദ്ര സർക്കാരിനാണ് നിർദേശം നൽകുന്നതെന്നും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.