മാനന്തവാടി: കര്‍ണാടക ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തെ വിഴുങ്ങിയ മനുഷ്യ നിര്‍മ്മിത കാട്ടുതീ വയനാടന്‍ വനങ്ങൾക്ക് തൊട്ടരികെയെത്തി. നിലവില്‍ അതിര്‍ത്തി സുരക്ഷിതമാണെങ്കിലും തീ ഏത് നിമിഷവും കേരളത്തിലേയ്ക്ക് പടരാമെന്നുള്ള സാഹചര്യമാണുള്ളത്. ഇതൊഴിവാക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് കേരളാ- കർണാടക വനപാലകര്‍.

Read More: കാട്ടുതീ ഭീഷണി: വയനാട്ടിലെ വന്യജീവി സങ്കേതത്തിലേയ്ക്കുളള പ്രവേശനം നിരോധിച്ചു

വയനാട് വന്യജീവി സങ്കേതത്തിന്റെ കിഴക്ക്ഭാഗത്തെ അതിര്‍ത്തിയിൽനിന്ന് രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് വരെ തീ എത്തിയതായാണ് വിവരം. നെല്ലിക്കല്‍ ഭാഗത്ത് ബന്ദിപ്പൂര്‍ സങ്കേതത്തിലെ കര്‍ക്കരെ റേഞ്ചില്‍ വന്‍മല കത്തിയെരിയുകയാണ്. തീ അണയ്ക്കാനുള്ള കര്‍ണാടക വനപാലകരുടെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. വയനാട് വന്യജീവി സങ്കേതിത്തിലേയ്ക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ അങ്ങോട്ട് പോയി കെടുത്താനുള്ള ശ്രമത്തിലാണ് കേരളാ വനപാലകര്‍. ബന്ദിപ്പൂര്‍ സങ്കേതത്തിലെ തന്നെ ഗുണ്ടറെ റേഞ്ചിലെ ടൈഗര്‍റോഡിലും കാട്ടുതീ നിയന്ത്രാണാതീതമാണ്. കേരളാ അതിര്‍ത്തിയില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം.

Read More: വയനാട് വനാതിർത്തിയിൽ കാട്ടുതീ പടരുന്നു; ചെന്പ്രമല നിന്നു കത്തി

അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പെട്ടിപ്പാറ, പെണ്‍കുഴി പ്രദേശങ്ങളില്‍ കാട്ടുതീ കേരള വനപാലകര്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീ അണയ്ക്കാനായി ഇരുന്നൂറോളം വനപാലകരാണ് രാപകല്‍ ഭേദമന്യേ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നത്. അതിര്‍ത്തി കടന്ന് ഫയര്‍ ബെല്‍റ്റുകള്‍ ഒരുക്കി തീ തടയാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിലേറെക്കുറെ വിജയം കണ്ടിട്ടുണ്ടെങ്കിലും തീ ശക്തമായി നിലയിലേയ്ക്കു മാറിയാല്‍ പ്രതിരോധിക്കല്‍ ബുദ്ധിമുട്ടാകും. കരിഞ്ഞുണങ്ങിയ മുളങ്കാടുകള്‍ക്ക് തീ പിടിച്ച് വന്‍ സ്‌ഫോടന ശബ്ദത്തോടെ, അതിവേഗത്തിലാണ് ഇപ്പോള്‍ ബന്ദിപ്പൂര്‍ വനത്തില്‍ തീ പടരുന്നത്. പൊട്ടിത്തെറിയോടെയും ശബ്ദത്തോടെയുമുള്ള തീ കൂടുതൽ വേഗത്തിൽ പടരുകയാണ്. അതിനാൽ ഇത് തടയാനുള്ള വനപാലകരുടെ ശ്രമത്തിന് തിരിച്ചടിയാകുന്നു. മാത്രമല്ല, ശക്തമായ കാറ്റും തീയും ചേര്‍ന്ന് സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യം തീ കെടുത്തതിന് തടസ്സം സൃഷ്ടിക്കുകന്നു, മാത്രമല്ല, വനപാലകരുടെ സുരക്ഷിതത്വത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള മിക്ക വനപാലകര്‍ക്കും ചെറിയതോതിൽ പൊള്ളലേറ്റിട്ടുണ്ട്. തേൻ പുരട്ടി പൊള്ളലിനെ പ്രതിരോധിക്കുന്നത്. ബന്ദിപ്പൂരിലെ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടക വനപാലകന്‍ പൊള്ളലേറ്റ് മരിച്ചു. നിരവധി പേര്‍ക്ക് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. മഴ ലഭിച്ചില്ലെങ്കില്‍ വയനാട്, തമിഴ് നാട്ടിലെ മുതമല വന്യജീവി സങ്കേതങ്ങള്‍ക്ക് കാട്ടുതീ കടുത്ത ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Read More: ബന്ദിപ്പൂര്‍ വനം അമ്പത് ശതമാനത്തിലേറെ കത്തി; വയനാടൻ കാടുകളിൽ ആനക്കൂട്ടം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.