കൊച്ചി: കർണാടക രാഷ്ട്രീയത്തിൽ ഭരണം നേടാനുളള കടുത്ത വടംവലി നടക്കുകയാണ്. ഒരു വശത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി 104 സീറ്റിലും മറുവശത്ത് കോൺഗ്രസും ജെഡിഎസും ചേർന്നുളള സഖ്യത്തിന് 115 പേരുടെ പിന്തുണയുണ്ട്. എന്നാൽ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ച ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഈ ഘട്ടത്തിൽ ഇരുപക്ഷവും എംഎൽഎമാരുടെ പിന്തുണ നേടാൻ നടത്തിയ വടംവലികൾ വാർത്തയായി കഴിഞ്ഞു. ബിജെപി പണവും സ്ഥാനമാനങ്ങളും വാഗ്‌ദാനം ചെയ്ത് എംഎൽഎമാരെ വിലയ്ക്കെടുക്കുകയാണെന്ന ആരോപണം കോൺഗ്രസും ജെഡിഎസും ഉയർത്തി. ബിജെപി എംഎൽഎമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ശ്രമിക്കുന്നതായി കോൺഗ്രസും പറഞ്ഞു.

ഇതോടെ പോര് മുറുകിയ സാഹചര്യത്തിൽ, ജനാധിപത്യത്തിന് അതിന്റെ മുഖം നഷ്ടപ്പെടുന്നുവെന്ന തോന്നലാണ് ഉളളത്. ഈ ഘട്ടത്തിലാണ് 2011 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ വിജയം ഇടതുപക്ഷ വിശ്വാസികൾ ചർച്ചയാക്കിയത്.

അന്ന് 72 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ഇടതുപക്ഷം 68 സീറ്റിലും വിജയിച്ചു. ഈ ഘട്ടത്തിലാണ് മാധ്യമപ്രവർത്തകർ വി.എസ്.അച്യുതാനന്ദനെ സമീപിച്ചത്. ഭരണം പിടിക്കാൻ മൂന്ന് സീറ്റുകൾ മാത്രം മതിയെന്നിരിക്കെ എന്തുകൊണ്ടാണ് ഭരണത്തുടർച്ചയ്ക്കായി സർക്കാരുണ്ടാക്കാൻ ശ്രമിക്കാത്തത് എന്നായിരുന്നു ചോദ്യം.

അതിന് വിഎസ് നൽകിയ മറുപടി ഇങ്ങിനെ.. “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തരത്തിൽ ഏതെങ്കിലും ഏച്ചുകെട്ടിക്കൊണ്ടുളള ഭരണം വരുന്നതിന് ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞ തവണത്തെ പോലെ ജനങ്ങൾ ഞങ്ങൾക്ക് മതിയായ ഭൂരിപക്ഷം നൽകിയിരുന്നെങ്കിൽ ഞങ്ങൾ സർക്കാരുണ്ടാക്കിയേനെ. തോൽവി സീറ്റിന്റെ എണ്ണത്തെ കൂടി ആസ്‌പദമാക്കിയാണ് നിൽക്കുന്നത്.  ഭരിക്കുന്ന കക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ പിന്നെ അധികാരത്തിൽ ചടഞ്ഞുകൂടിയിരിക്കുക എന്നത് ജനാധിപത്യ മര്യാദയല്ല. അങ്ങിനെ ഏതെങ്കിലും ന്യായം പറഞ്ഞ് അധികാരത്തിൽ തുടരാനില്ല എന്നത് കൊണ്ട് അത്തരം ചോദ്യങ്ങൾക്കും പ്രസക്തിയില്ല.”

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ