scorecardresearch
Latest News

കര്‍ണാടക തിരഞ്ഞെടുപ്പ്: ബിജെപിയുടെ പതനം രാജ്യം ആഗ്രഹിക്കുന്നു, ജനവിധി ശുഭസൂചനയെന്ന് പിണറായി

ജയിച്ചെങ്കിലും കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു

Pinarayi Vijayan
Photo: Facebook/ Pinarayi Vijayan

കൊല്ലം: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയെ തള്ളിക്കളഞ്ഞ ജനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലേത്. കർണാടക തെരഞ്ഞെടുപ്പിൽ മോദി അര ഡസൻ റോഡ് ഷോ നടത്തി. എന്നിട്ടും ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ട്. നഷ്ടപ്പെട്ട ഭരണത്തോട് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല. പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്, മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസ് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രാജ്യത്ത് ബിജെപി അധികാരത്തിൽ വരരുത് എന്ന വികാരം ശക്തമാണ്. ബിജെപിക്കെതിരെ അണിനിരത്താൻ ആകുന്നവരെ ഒന്നിച്ച് നിർത്തുക. കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ഇനി അതിനാകില്ലെന്ന് എല്ലാവർക്കും അറിയാമെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു.

ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളാണ് അധികാരത്തിലുള്ളത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. അതിനായിരിക്കണം കോൺഗ്രസും തയാറാവേണ്ടത്. രാജ്യമാകെ ബിജെപിയുടെ പതനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ രക്ഷയ്ക്കും ഭാവി സുരക്ഷാമാക്കുന്നതിനും ഇത് ആവശ്യമാണ്. അത് മുന്നിൽകണ്ട് ഓരോ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കണം. അതിന് നല്ല ശ്രമങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അത്തരം ശ്രമങ്ങൾക്കെല്ലാം കൂടുതൽ ഊർജ്ജം പകരുന്ന ജനവിധിയാണ് കർണാടകയിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം കടന്നുള്ള ഉജ്വല ജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. 224 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 136 സീറ്റുകളിലും കോണ്‍ഗ്രസ് വിജയം നേടി. 2018-ല്‍ മൂന്നക്കം കടന്ന ബിജെപി 64 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 20 മണ്ഡലങ്ങളില്‍ ജെ ‍ഡി എസ് വിജയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Karnataka election result is a good sign says cm vijayan