കൊച്ചി: കാസർഗോഡ്-മംഗലാപുരം അതിർത്തി ഉടൻ തുറക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. റോഡുകള്‍ അടിയന്തരമായി തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും കോടതി പറഞ്ഞു. നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല.

കേരളത്തിൽ നിന്നുള്ള രോഗികളുടെ ചികിത്സ ലഭ്യമാവുന്നതിലുള്ള ബുദ്ധിമുട്ട് പരിഗണിച്ച് കാസർഗോഡ് – മംഗലാപുരം അതിർത്തിയിലെ ദേശീയപാത പാതകൾ തുറക്കാനാണ് ഇടക്കാല ഉത്തരവിലൂടെ ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. ഹർജിയിൽ ഇടപെടാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലന്ന കർണാടകയുടെ വാദം ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളി. ദുരന്തനിവാരണ നിയമപ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശം നൽകിയതെന്നും സംസ്ഥാനങ്ങൾക്ക് അതിൽ ഇളവ് വരുത്താമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെന്നും കോടതി  ചൂണ്ടിക്കാട്ടി.

നേരത്തേ കർണാടകയുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി നിലപാട് മനഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് രോഗങ്ങൾ ഉള്ളവരെ പ്രവേശിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നായിരുന്നു കർണാടക സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്റെ വാദം. മംഗലാപുരം റെഡ് സോണായി രാവിലെ പ്രഖ്യാപിച്ചെന്നും എജി കോടതിയെ അറിയിച്ചിരുന്നു.

Read More: കാസർഗോഡ് നിന്നുള്ള രോഗികളെ അതിർത്തി കടക്കാൻ അനുവദിക്കില്ല; നിലപാടിലുറച്ച് കർണാടകം

കൂർഗിലും മംഗലാപുരത്തും ഇനി ആളുകളെ ഉൾക്കൊള്ളാനാവില്ല. ഒരു പ്രദേശത്തെ മറ്റൊരു പ്രദേശവുമായി വേർതിരിക്കലാണ് പ്രധാനമെന്നും കേന്ദ്ര സർക്കാർ എന്തെങ്കിലും നിർദേശം നൽകിയാൽ പാലിക്കാമെന്നും കർണാടക നിലപാടറിയിച്ചു.

രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമല്ല ഇതെന്നും കേരള ഹൈക്കോടതി ഒരു ഉത്തരവിട്ടാൽ കർണാടകത്തിന് അത് നടപ്പാക്കാൻ ബാധ്യതയുണ്ടെന്നും കേരളം വ്യക്തമാക്കിയിരുന്നു. മൗലികാവകാശങ്ങളുടെ ലംഘനമുണ്ടായാൽ കോടതിക്ക് ഇടപെടാൻ അവകാശമുണ്ടെന്നും കേരളം വാദമുയർത്തിയിരുന്നു. കോവിഡ് മൂലം മാത്രമല്ല ആളുകൾ മരിക്കുന്നതെന്നും മറ്റ് അസുഖങ്ങൾ മൂലം ആളുകൾ മരിക്കുന്നുണ്ടെന്നും ഒരു ഡോക്ടർ കോവിഡ് രോഗിയെ മാത്രമേ പരിശോധിക്കാൻ പറ്റൂ എന്ന് പറയാനാവുമോയെന്നും കോടതി ചോദിച്ചു.

പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതിയുടെ നിർദേശം കർണാടക ഗൗരവത്തോടെ എടുത്തില്ല. ചർച്ച നടത്തിയെങ്കിലും കേന്ദ്രം കൂടുതൽ സമയം തേടിയെന്നും കോടതി ചൂണ്ടിക്കാട്ടി.  അതിർത്തി റോഡുകൾ കർണാടക അടച്ചത് ചോദ്യം ചെയ്ത് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

കർണാടക അതിർത്തികൾ അടച്ചിട്ടതു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കേന്ദ്ര നയങ്ങൾക്ക് എതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായും പിണറായി സംസാരിച്ചിരുന്നു. എന്നാൽ, കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുമായി ഇതേ കുറിച്ച് സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും പിണറായി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.