തിരുവനന്തപുരം: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിൽ പ്രതികരിച്ച് നേതാക്കൾ. ഇത് കോൺഗ്രസിന്റെ തിരിച്ചുവരവാണെന്നും എംഎൽഎമാരുടെ നിലപാട് കൂടി അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും കെ.സി.വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്നും പ്രതിപക്ഷ ഐക്യത്തിന്റെ സമയമാണിതെന്നും ശശി തരൂർ പ്രതികരിച്ചു.
കോൺഗ്രസിന്റേത് ചരിത്ര വിജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ആവേശമാണ് കർണാടക ഫലം. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ജയം കോൺഗ്രസിന്റെ നേട്ടമാണ്. മോദിയെ നേരിടാൻ കോൺഗ്രസ് ഉണ്ടെന്ന് ഒരിക്കൽകൂടി തെളിഞ്ഞുവെന്നും എല്ലാ മതേതര ശക്തികളെയും ഒന്നിപ്പിച്ച് നിർത്താനുള്ള ജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് ഫലമുണ്ടായില്ല. വർഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചു. കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. കോൺഗ്രസിന് അനുകൂലമായാണ് ജനങ്ങൾ വിധിയെഴുതിയത്. കോൺഗ്രസ് കേവല ഭൂരിപക്ഷമായ 113 സീറ്റുകൾ കടന്ന് മുന്നേറ്റം തുടരുകയാണ്. ബിജെപി 67 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്.