തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്‌നം മുഖ്യ വിഷയമായി ഉയര്‍ത്തിക്കാട്ടാനൊരുങ്ങി ശബരിമല കര്‍മ്മ സമിതി. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കര്‍മ്മസമിതി നാമജപ പ്രതിഷേധം സംഘടിപ്പിക്കും. ഇതിനായി നോട്ടീസുകളും ഫ്‌ളക്‌സുകളും ഒരുക്കിയിട്ടുണ്ട്. മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്നതാണ് ശബരിമല കര്‍മ്മസമിതിയുടെ മുദ്രാവാക്യം.

വിഷയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പിനേക്കുറിച്ചോ ബിജെപി സ്ഥാനാര്‍ത്ഥികളേക്കുറിച്ചോ ഫ്‌ളക്‌സുകളിലോ ലഘുലേഖകളിലോ പരാമര്‍ശങ്ങളില്ല. ശബരിമല സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കള്ളക്കേസുകള്‍ എടുക്കുന്നു എന്നും ആരോപണമുണ്ട്.

കര്‍മ സമിതി ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ആയുധമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നോട്ടീസില്‍ തെരഞ്ഞെടുപ്പിനേക്കുറിച്ച് ഒന്നും നേരിട്ട് പറയാത്തത് തന്ത്രമാണന്നും, വോട്ടര്‍മാരെ ദൈവത്തിന്റെ പേരില്‍ ബിജെപിക്ക് വേണ്ടി സ്വാധീനിക്കുകയാണ് ഉദ്ദേശമെന്നുമാണ് പരാതി.

അതേസമയം കര്‍മ്മസമിതിയുമായോ നിലവിലെ പ്രചരണവുമായോ യാതൊരു ബന്ധവുമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ബിജെപി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.