തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുകയാണ്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മിക്കയിടങ്ങളിലും ബലിയിടല്‍ കര്‍മ്മങ്ങള്‍ തുടങ്ങിയത്. ആലുവ മണപ്പുറത്തും തിരുനെല്ലിയും തിരുന്നാവായയും അടക്കമുള്ള കേന്ദ്രങ്ങളില്‍ ബലി തര്‍പ്പണത്തിന് ഒരുക്കങ്ങള്‍ ഇന്നലേ പൂര്‍ത്തിയായിരുന്നു. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

കറുത്ത വാവ് ആരംഭിച്ച ശനിയാഴ്ച വൈകുന്നേരം മുതല്‍ തന്നെ ബലിതര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ ആലുവാ മണപ്പുറത്ത് എത്തിയിരുന്നു. ആലുവയില്‍ ബലിതര്‍പ്പണത്തിനായി 75 രൂപയാണ് ദേവസ്വം ബോര്‍ഡ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. പാലക്കാട്ടെ തിരുവില്വാമല, തിരൂരിലെ തിരുനാവായ, കോഴിക്കോട്ടെ വരയ്ക്കല്‍ കടപ്പുറം, വയനാട്ടിലെ തിരുനെല്ലി പാപനാശിനി തീര്‍ത്ഥം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഏറെ തിരക്കനുഭവപ്പെട്ട മറ്റ് ബലിതര്‍പ്പണ കേന്ദ്രങ്ങള്‍.

തിരുവനന്തപുരത്ത് ശംഖുമുഖം, തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. കൊല്ലത്ത് തിരുമുല്ലാവാരം കടപ്പുറവും ക്ഷേത്രപരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് അഷ്ടമുടിക്കായലും കല്ലടയാറും അറബിക്കടലും സംഗമിക്കുന്ന ത്രിവേണി സംഗമത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്.

ഹരിത പ്രോട്ടോക്കോള്‍ പ്രകാരം ചടങ്ങുകൾ നടക്കുന്നതിനാൽ പ്ലാസ്റ്റിക് കുപ്പികള്‍ക്കും ക്യാരി ബാഗുകള്‍ക്കും തര്‍പ്പണയിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തര്‍പ്പണം ഇന്ന് വൈകുന്നേരം മൂന്നുമണി വരെ നീണ്ടുനില്‍ക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ