കൊച്ചി: പിതൃമോക്ഷം തേടി പതിനായിരങ്ങൾ കർക്കടക വാവ് ദിനമായ ഇന്ന് ബലിതർപ്പണം നടത്തുന്നു. പുലർച്ചയോടെ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. കർക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കടക വാവായി ആചരിച്ച് പോരുന്നത്. ഇന്നേ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

തിരയെടുത്ത ബലി തീരവും, അലയടിക്കുന്ന പിതൃ സ്മരണകളും

വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ കർക്കടക വാവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, അരുവിക്കര എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ആലുവ മണപ്പുറത്തും പുലര്‍ച്ചെയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലും പുലര്‍ച്ചെ രണ്ടുമണിയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.

ഫൊട്ടോ: മഹീൻ ഹസൻ

വലിയ സുരക്ഷാ ക്രമീകരണങ്ങളും കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുണ്ട്. തിരുനാവായയിൽ കർക്കടക വാവിന് സുരക്ഷ ഒരുക്കുന്നതിന് തീര സുരക്ഷാ വിഭാഗവും രംഗത്തുണ്ട്. പൊന്നാനിയിൽനിന്നുള്ള 9 അംഗ സംഘത്തെയാണ് തിരുനാവായയിൽ നിയോഗിച്ചിട്ടുള്ളത്. തീരദേശ പൊലീസിന്റെ കീഴിലുള്ള കോസ്റ്റൽ വാർഡൻമാർ വാവുബലിക്ക് എത്തുന്നവർക്ക് സഹായത്തിനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.