scorecardresearch
Latest News

നാട്ടിലേക്ക് പറന്നത് വിവാഹദിനം അടുത്തതോടെ; വിമാനാപകടത്തെ അതിജീവിച്ച് മുഹമ്മദ് ഫാസിൽ

“സെപ്തംബർ 10ലേക്കായിരുന്നു കല്യാണം തീരുമാനിച്ചത്. ഇപ്പോൾ കല്യാണത്തെക്കുറിച്ചല്ല ചിന്തിക്കുന്നത്, എല്ലാം മാറി ഭേദമാവുന്നതാണ് പ്രധാനം”

കരിപ്പൂര്‍, karipur, കരിപ്പൂര്‍ വിമാനത്താവളം, karipur airport, കണ്ണൂര്‍ വിമാനത്താവളം, kannur airport, കണ്ണൂര്‍ കരിപ്പൂരിന് ഭീഷണിയോ, does kannur airport pose threat to karipur,കരിപ്പൂര്‍ റണ്‍വേ നീളം, karipur runway length, കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാന അപകടം, karipur airport accident, കരിപ്പൂര്‍ കോഡ് ഇ വിമാനങ്ങള്‍, karipur code e flights, എയര്‍ ഇന്ത്യ വിമാന അപകടരം കരിപ്പൂര്‍ 2020, air india flight crash 2020, Ie malayalam, ഐഇ മലയാളം

കോഴിക്കോട്: കോവിഡ് രോഗവ്യാപനം ഉയർത്തുന്ന ആശങ്കകൾക്കിടെ ആഴ്ചകളും മാസങ്ങളും നീണ്ട ശ്രമങ്ങൾക്കൊടുവിൽ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നേടിയെടുത്തവരാണ് കരിപ്പൂർ വിമാന അപകടത്തിൽപ്പെട്ടവരിൽ ഭൂരിപക്ഷവും. ജോലി നഷ്ടപ്പെട്ടും, വിസ കാലാവധി കഴിഞ്ഞവരും ഇവരിലുണ്ട്. ഒപ്പം സ്വന്തം വിവാഹത്തിനായി നാടണയാനെത്തിയവരും. അത്തരത്തിലൊരാളാണ് കോഴിക്കോട് മുക്കം കൊടിയത്തൂർ സ്വദേശിയായ മുഹമ്മദ് ഫാസിൽ.

സെപ്തംബർ 10നായിരുന്നു ഫാസിലിന്റെ വിവാഹം തീരുമാനിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ മാതൃസഹോദരിയും കൊടിയത്തൂർ പഞ്ചായത്ത് അംഗവുമായ സാറ പറഞ്ഞു. 2019നായിരുന്നു ഫാസിലിന്റെ നിക്കാഹ് കഴിഞ്ഞത്. ഇത്തവണ നാട്ടിലെത്തി ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം വിവാഹച്ചടങ്ങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെന്നും സാറ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

Read More: ദുരന്തത്തിന്റെ ആഴം കുറച്ചത് നിങ്ങൾ; എന്നാൽ ഓടിയെത്തിയവർ ശ്രദ്ധിക്കേണ്ടത്

ഷാർജയിൽ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു 28കാരനായ ഫാസിൽ. കോവിഡ് രോഗബാധയെത്തുടർന്ന് നാട്ടിലേക്ക് തിരിക്കാൻ കുറച്ച് മാസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് ഓഗസ്റ്റ് ഒന്നിനും പതിനഞ്ചിനും ഇടയിലുള്ള തീയതികളിൽ നാട്ടിലേക്ക് ടിക്കറ്റ് ലഭിക്കുമെന്ന് ഫാസിൽ അറിയിച്ചു. ഓഗസ്റ്റ് ഒന്നിനോ രണ്ടിനോ തന്നെ നാട്ടിലേക്ക് മടങ്ങാനാണ് ഫാസിൽ ശ്രമിച്ചത്. എന്നാൽ ഏഴാം തീയതിയിലേക്കായിരുന്നു ടിക്കറ്റ് ലഭിച്ചതെന്ന് സാറ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ് ഫാസിലിനെ ആദ്യം കൊണ്ടോട്ടി മേഴ്സി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതൽ ചികിത്സ ആവശ്യമാണെന്ന് കണ്ട് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം ഫാസിലിനെ വീട്ടിലേക്ക് മാറ്റിയതായി സാറ അറിയിച്ചു. “ഫാസിലിന്റെ തലയിലും വായയിലുമായി നാല് സ്റ്റിച്ചുണ്ട്. പിന്നീട് സ്കാൻ ചെയ്തപ്പോൾ കുഴപ്പമില്ലെന്ന് കണ്ടു. കോവിഡ് പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് ഫലം ലഭിച്ചു” സാറ പറഞ്ഞു.

Read More:  ഭീതിയില്ലാതെ കരുതലിന്റെ കരങ്ങൾ; രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത് നാട്ടുകാരുടെ ഇടപെടൽ

നിലവിൽ വീട്ടിൽ ഹോം ക്വാറന്റൈനിലേക്ക് മാറിയിട്ടുണ്ട് ഫാസിൽ. പരിക്കുള്ളതിനാൽ വിവാഹ തീയതി നീട്ടിവച്ചു. ഇപ്പോൾ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പരിക്ക് ഭേദമാവുന്നതിന് പ്രാധാന്യം നൽകുകയാണെന്നും സാറ പറഞ്ഞു. നവംബർ 15 വരെയാണ് ഫാസിലിന് അവധി. പരിക്ക് ഭേദമാവുന്നതോടെ അതിനു മുൻപുള്ള തീയതിയിൽ വിവാഹം നടത്താൻ സാധിക്കും.

അപകടത്തിൽ ഫാസിലിന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള ആശങ്കയും ബന്ധുക്കൾ പങ്കുവയ്ക്കുന്നു. ഫാസിൽ അടക്കമുള്ള യാത്രക്കാരുടെ പാസ്പോർട്ടുകളും മറ്റു പ്രധാന രേഖകളും അപകട സമയത്ത് നശിച്ചുപോവുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്.

ഫാസിലിനെ കൂടാതെ അപകടത്തിൽപ്പെട്ട പാലക്കാട് പട്ടാമ്പി സ്വദേശി പരമേശ്വരനും സ്വന്തം വിവാഹത്തിന് വേണ്ടിയാണ് നാട്ടിലേക്ക് തിരിച്ചത്. സെപ്തംബർ 10ന് തന്നെയാണ് പരമേശ്വരന്റെയും വിവാഹ തീയതിയെന്ന് നാട്ടിലേക്കുള്ള മടക്കയാത്രക്കായി സമർപിച്ച ഡിക്ലയറേഷനിൽ പറയുന്നു.

Read More: 2010ൽ മംഗലാപുരം, 2020ൽ കോഴിക്കോട്: ടേബിൾ ടോപ്പ് റൺവേയിലെ രണ്ട് അപകടങ്ങൾ

ഇതിനു പുറമെ, അപകടത്തിൽ മരിച്ച ഷൊർണൂർ ചളവറ സ്വദേശിയായ വിപി മുഹമ്മദ് റിയാസ് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നാട്ടിലേക്ക് തിരിച്ചതെന്ന് രേഖപ്പെടുത്തിയിരുന്നു. ഷൊർണൂർ ഐഡിയൽ കോളേജ് മുൻ ചെയർമാനും കെഎസ്‌യു പ്രവർത്തകനുമായ റിയാസിന്റെ നിര്യാണത്തിൽ പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. ഒരു ഐഡിയൽ പൊതുപ്രവർത്തകനായിരുന്നു റിയാസ് എന്നും സഹിക്കാൻ കഴിയാത്ത വേർപാടാണ് ഇതെന്നും ഷാഫി പറമ്പിൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Karipur plane crash fasil air india express survivors