കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചയാളുടെ രണ്ട് വയസ്സുകാരിയായ മകള്‍ക്ക് എയര്‍ ഇന്ത്യ ഒന്നര കോടി രൂപ നഷ്ടപരിഹാരം നല്‍കും. നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ കമ്പനി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു. അപകടത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകള്‍ക്കാണ് 1.51 കോടി എയര്‍ ഇന്ത്യ നല്‍കുക. വിമാനത്തിൽ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന അമീനയ്ക്കും മകൾക്കും ഗുരുതര പരുക്കേറ്റിരുന്നു. അമീന ഷെറിനും മകളും മാതാപിതാക്കളും നല്‍കിയ ഹര്‍ജി തീർപ്പാക്കിയാണ് എത്രയും വേഗം നല്‍കാന്‍ ജസ്റ്റിസ് എന്‍.നഗരേഷ് ഉത്തരവിട്ടത്

മരിച്ചയാളുടെയും ഭാര്യയുടെയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂര്‍ണ്ണ രേഖകള്‍ ലഭിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിന്‍റെ ഭാഗമായി ക്ലെയിം ഫോറം ഉടന്‍ നല്‍കുമെന്ന് ഹര്‍ജിക്കാരും ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് എത്രയും വേഗം അപേക്ഷ നല്‍കാനും പരിഗണിച്ച്‌ നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിർദേശിച്ചു. ഇതോടെയാണ് കഴിഞ്ഞ ദിവസം 1,51,08,234 രൂപ നഷ്ടപരിഹാരം രണ്ടു വയസുകാരിക്ക് നല്‍കാമെന്ന് വിമാനക്കമ്പനി അറിയിച്ചത്.

Read More: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും; ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതല

ആവശ്യമായ രേഖകള്‍ ലഭിക്കുമ്പോള്‍ സഹ ഹര്‍ജിക്കാര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാനും അനുവദിക്കുന്ന തുകയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ ഉൾപ്പടെയുള്ള ഉചിത ഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

വിമാനാപകട ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച്‌ അനുവദിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാര്‍ക്ക് അന്തര്‍ ദേശീയ നിലവാരം അനുസരിച്ച് കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നല്‍കാന്‍ ഉത്തരവിടണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ വിമാനാപകടമുണ്ടായത്. ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിനീങ്ങിയായിരുന്നു അപകടം. പൈലറ്റും കോ-പൈലറ്റും ഉൾപ്പെടെ 21 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരുക്കേറ്റു.

കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും വിമാന കമ്പനി 1.19 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നമെന്നായിരുന്നു വിലയിരുത്തല്‍. യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട വിജ്ഞാപനം പ്രകാരമാണ് വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.